India National

രാജ്യത്ത് ഒരാഴ്ചയ്ക്കിടയിൽ രോഗം ബാധിച്ചത് 61,000 പേർക്ക്; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 273 മരണം

ലോക്ഡൗൺ ഇളവുകൾ വർദ്ധിപ്പിച്ച പശ്ചാത്തലത്തിലാണ് രോഗബാധ കുത്തനെ ഉയർന്നത്. 61,000 പേർക്കാണ് ഒരാഴ്ചയ്ക്കുള്ളിൽ രോഗം കണ്ടെത്തിയത്

രാജ്യത്ത് ഒരാഴ്ചയ്ക്കിടയിൽ രോഗം ബാധിച്ചത് 61,000 പേർക്ക് . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9851 കോവിഡ് കേസുകളും 273 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 2,26770 ഉം മരണം 6348 ഉം കടന്നു.

ലോക്ഡൗൺ ഇളവുകൾ വർദ്ധിപ്പിച്ച പശ്ചാത്തലത്തിലാണ് രോഗബാധ കുത്തനെ ഉയർന്നത്. 61,000 പേർക്കാണ് ഒരാഴ്ചയ്ക്കുള്ളിൽ രോഗം കണ്ടെത്തിയത്. പ്രതിദിനം, 10,000 ഓളം പേർക്ക് രോഗം കണ്ടെത്തുകയും 300 ഓളം പേർ മരിക്കുകയും ചെയ്യുന്നുണ്ട്. മൂന്നില്‍ രണ്ട് മരണവും മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ്. രോഗികളുടെ എണ്ണം 5000 ത്തിൽ താഴെയുള്ള സംസ്ഥാനങ്ങൾ കേരളമടക്കം 11 ആണ്. മഹാരാഷ്ട്രയിൽ 2436 പുതിയ കേസുകളടക്കം മൊത്തം രോഗികൾ 80,000 ആയി. മരണം 2710 ഉം ആണ്.ഡൽഹിയിൽ രോഗികൾ കാൽ ലക്ഷം കവിഞ്ഞു. 25,004 രോഗികളും 650 മരണവും ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു. ഗുജറാത്തിൽ 18,601 രോഗികളും 1155 മരണവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

പോർബന്ദറിലെ നാവിക കേന്ദ്രത്തിൽ 4 ദിവസത്തിനിടെ 16 നാവികർക്ക് രോഗം കണ്ടെത്തി. മഹാരാഷ്ട്ര കഴിഞ്ഞാൽ മരണസംഖ്യ കൂടുതൽ ഗുജറാത്തിലാണ്. രാജസ്ഥാനിൽ മൊത്തം രോഗികളുടെ എണ്ണം 10,000 കവിഞ്ഞു. ഇന്നു മാത്രം 222 പുതിയ കേസുകൾ കണ്ടെത്തി. ജമ്മു കശ്മീരിൽ 182 പേർക്കും ബീഹാറിൽ 99 ഉം ഉത്തരാഖണ്ഡിൽ 16 പേർക്കും രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ കോവിഡ് ബാധിച്ചുവെന്ന് സംശയിച്ച് 65 കാരൻ ആത്മഹത്യ ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 48.27 % പേർക്ക് രോഗം ഭേദമായിയെന്ന് ഐ.സി.എം.ആർ അറിയിച്ചു. മരണ നിരക്ക് 3 % ത്തിൽ താഴെയാണ്. ഇതിൽ ലോകരാജ്യങ്ങളുടെ പട്ടികയില്‍ 12-ാം സ്ഥാനത്തുള്ള ഇന്ത്യ രോഗബാധയിൽ പക്ഷേ, ഏഴാം സ്ഥാനത്താണ്. ഇറ്റലിയാണ് തൊട്ടു മുന്നിൽ.