തിരുവിഴാംകുന്ന് ഒതുക്കുംപുറം എസ്റ്റേറ്റ് ഉടമ അബ്ദുൾകരീമും മകൻ റിയാസുദ്ദീനും ഒളിവില്‍. ഇന്നലെ അറസ്റ്റിലായ സഹായി വിൽസനെ ഇന്ന് കോടതിയിൽ ഹാജരാക്കും
പാലക്കാട് തിരുവിഴാംകുന്നിൽ കാട്ടാന ചരിഞ്ഞ സംഭവത്തിലെ മുഖ്യപ്രതികൾക്കായി തിരച്ചിൽ തുടരുന്നു. തിരുവിഴാംകുന്ന് ഒതുക്കുംപുറം എസ്റ്റേറ്റ് ഉടമ അബ്ദുൾകരീം, മകൻ റിയാസുദ്ദീൻ എന്നിവർക്കായാണ് വനം വകുപ്പും പൊലീസും തിരച്ചിൽ നടത്തുന്നത്. കേസിൽ ഇന്നലെ അറസ്റ്റിലായ വിൽസനെ ഇന്ന് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും.
പാലക്കാട് തിരുവിഴാംകുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗുരുതരാവസ്ഥയിലായ കാട്ടാന ചരിഞ്ഞ സംഭവത്തിലാണ് മുഖ്യ പ്രതികളായ തിരുവിഴാംകുന്ന് ഒതുക്കുംപുറം എസ്റ്റേറ്റ് ഉടമ അബ്ദുൾകരീം, മകൻ റിയാസുദ്ദീൻ എന്നിവർക്കായി വനം വകുപ്പും പൊലീസും തിരച്ചിൽ നടത്തുന്നത്. ഇവരുടെ നേതൃത്വത്തിലാണ് തേങ്ങയിൽ പന്നി പടക്കം ഒളിപ്പിച്ച് കാട്ടിൽ വെച്ചതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.
കേസിൽ ഇന്നലെ അറസ്റ്റിലായ വിൽസൺ ഇവരുടെ മുഖ്യ സഹായിയാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. വിൽസനെ ഇന്ന് മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. മുമ്പും ഇവർ കാട്ടുപന്നികളെ വേട്ടയാടി ഇറച്ചി വില്‍പ്പന നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അബ്ദുൾ കരീമിന്‍റെ എസ്റ്റേറ്റിൽ വെച്ചാണ് പന്നിപ്പടക്കം ഉണ്ടാക്കിയിരുന്നതെന്നും വിൽസൻ മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് വിൽസനെ എസ്റ്റേറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ അന്വേഷണ സംഘം ഇവിടെ നിന്നും പന്നി പടക്കം നിർമ്മിച്ചത് സംബന്ധിച്ച തെളിവുകൾ കണ്ടെടുത്തു. ഷൊർണൂർ ഡിവൈഎസ്പി മുരളീധരൻ, മണ്ണാർക്കാട് റെയ്ഞ്ച് ഓഫീസർ ആഷിഖ് അലി എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.