മൂന്ന് ച. മീറ്ററിന് 15 പേർ എന്ന തോതിലാകും ആളുകളെ പ്രവേശിപ്പിക്കാൻ അനുമതിയുണ്ടാകുക.
ആരാധനാലയങ്ങളിൽ ആഹാരസാധനങ്ങളും നൈവേദ്യവും അർച്ചനാ ദ്രവ്യങ്ങളും വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എട്ടാം തീയതി മുതൽ ആരാധനാലയങ്ങൾ തുറക്കുന്നതിനു മുന്നോടിയായി പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അറിയിക്കുകയായിരുന്നു അദ്ദേഹം. ഒരു പാത്രത്തിൽനിന്ന് ചന്ദനവും ഭസ്മവും നൽകരുത്. ആരാധനാലയങ്ങളിലെ ചടങ്ങുകളിൽ കരസ്പർശം പാടില്ല. ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ചും സാമൂഹികഅകല നിബന്ധന പാലിച്ചും ഒരുസമയം എത്രപേർ എത്തണമെന്ന കാര്യത്തിൽ ക്രമീകരണം ഉണ്ടാകും. മൂന്ന് ച. മീറ്ററിന് 15 പേർ എന്ന തോതിലാകും ആളുകളെ പ്രവേശിപ്പിക്കാൻ അനുമതിയുണ്ടാകുക. എന്നാൽ ഒരു സമയം എത്തിച്ചേരുന്നവരുടെ എണ്ണം പരമാവധി 100 ആയി പരിമിതപ്പെടുത്തും. ആരാധനാലയങ്ങളിൽ എത്തുന്നവരുടെ പേരും ഫോൺ നമ്പറും ശേഖരിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ
- ആരാധനാലയത്തിന്റെ പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാനുള്ള സംവിധാനവും, ശുചീകരണ സംവിധാനവും ഉണ്ടായിരിക്കണം.
- രോഗ ലക്ഷണമില്ലാത്തവരെ മാത്രമേ പരിസരത്ത് അനുവദിക്കൂ.
- മാസ്കുകള്‍ ഇല്ലാത്തവരെ പ്രവേശിപ്പിക്കരുത്
- കോവിഡിനെതിരായ പ്രതിരോധ നടപടികളെക്കുറിച്ചുള്ള പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കണം. അവബോധം സൃഷ്ടിക്കുന്നതിനുള്ള ഓഡിയോ, വീഡിയോ ക്ലിപ്പുകള്‍ പതിവായി പ്ലേ ചെയ്യണം.
- പാദരക്ഷകള്‍ കഴിവതും വാഹനങ്ങളില്‍ തന്നെ വയ്ക്കണം. അതിന് സാധിച്ചില്ലെങ്കില്‍ പ്രത്യേകമായി വയ്ക്കണം. ഒരു കുടുംബത്തിലെ അംഗങ്ങള്‍ള്‍ക്ക് ഒരുമിച്ച് പാദരക്ഷകള്‍ വയ്ക്കാം.
- ഒരുമിച്ച് ആള്‍ക്കാരെ പ്രവേശിപ്പിക്കരുത്.
- ആരാധനാലയത്തിലെ വിഗ്രഹത്തിലോ, പരിശുദ്ധ ഗ്രന്ഥങ്ങളിലോ തൊടാന്‍ ഭക്തരെ അനുവദിക്കരുത്
- പ്രസാദം, തീര്‍ത്ഥം എന്നിവ ആരാധനാലയത്തിനുള്ളില്‍ നല്കാന് പാടില്ല.
- സമൂഹ പ്രാര്‍ത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവര്ക്കും ആയി ഒരു പായ അനുവദിക്കില്ല.
- ക്യൂവില്‍ സാമൂഹിക അകലം ഉറപ്പാക്കണം. ആറടി അകലം ഉണ്ടാകണം
- ആരാധനാലയത്തിന് പുറത്തുള്ള കടകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കണം
- ആരാധനാലയത്തിന് പുറത്തേക്ക് പോകാന്‍ പ്രത്യേക വഴി ഉണ്ടാകണം
- വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകള്‍ അനുവദിക്കരുത്.
- ആരാധനാലയം കൃത്യമായ ഇടവേളകളില്‍ കഴുകുകയും, അണുവിമുക്തമാക്കുകയും വേണം
- ആര്‍ക്കെങ്കിലും ആരാധനാലയത്തില്‍ വച്ച് അസുഖ ബാധിതര്‍ ആയാല്‍, അവരെ പെട്ടെന്ന് ഒരു മുറിയിലേക്ക് മാറ്റണം. ഡോക്ടറെ വിളിച്ച് വരുത്തി പരിശോധിപ്പിക്കണം. കോവിഡ് സ്ഥിരീകരിച്ചാല്‍ ഉടന്‍ ആരാധനാലയം അണുവിമുക്തമാക്കണം.
- 65 വയസ് കഴിഞ്ഞവരും, 10 വയസിന് താഴെ ഉള്ളവരും, ഗര്‍ഭിണികളും, മറ്റ് അസുഖങ്ങള്‍ ഉള്ളവരും വീടുകളില്‍ തന്നെ കഴിയണം. ആരോഗ്യ സംബന്ധമായ അടിയന്തര ആവശ്യങ്ങള്‍ ഇല്ലെങ്കില്‍ അവര്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് വരരുത്.