India

നാലു വയസുള്ള കുട്ടിക്ക് പാല് കൊടുക്കാന്‍ ട്രയിനൊപ്പം ഓടി ആര്‍.പി.എഫ് ജവാന്‍

ഒരു കയ്യില്‍ തോക്കും മറുകയ്യില്‍ പാലുമായുള്ള ജവാന്റെ ഓട്ടം സോഷ്യല്‍മീഡിയയില്‍ വൈറലാണ്…

നാലു വയസുള്ള കുട്ടിക്ക് പാല് കൊടുക്കാനായി ട്രയിനൊപ്പം ഓടിയ ആര്‍.പി.എഫ് ജവാന്റെ വീഡിയോ വൈറലായി. ശ്രമിക് ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ കുഞ്ഞിനാണ് ഇന്ദര്‍ സിംഗ് യാദവ് സാഹസികമായി പാലെത്തിച്ചുകൊടുത്തത്. ആര്‍.പി.എഫ് ജവാനെ അഭിനന്ദിച്ച് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ തന്നെ ട്വീറ്റു ചെയ്യുകയും കാഷ് അവാര്‍ഡ് പ്രഖ്യാപിക്കുകയും ചെയ്തു.

ബെല്‍ഗാമില്‍ നിന്നും ഗൊരഖ്പൂരിലേക്ക് പോവുകയായിരുന്ന ശ്രമിക് ട്രയിന്‍ ഭോപ്പാലിലെത്തിയപ്പോള്‍ യാത്രക്കാര്‍ ആരും പുറത്തിറങ്ങരുതെന്ന് വിളിച്ചു പറയുന്ന തിരക്കിലായിരുന്നു. വനിതാ കമ്പാര്‍ട്ട്‌മെന്റിലെ യാത്രക്കിരിലൊരാളായ ഷാരിഫ് ഹാഷ്മി തന്റെ നാല് വയസ് മാത്രം പ്രായമുള്ള കരയുന്ന കുഞ്ഞിനായി പാലിനുള്ള അന്വേഷണത്തിലും. ട്രെയിന്‍ പുറപ്പെട്ട ബെല്‍ഗാം മുതല്‍ പാലിന് ശ്രമിച്ചെങ്കിലും അവര്‍ക്ക് ലഭിച്ചിരുന്നില്ല.

കാര്യം ആര്‍.പി.എഫ് ജവാന്‍ ഇന്ദര്‍ സിംഗ് യാദവിനോട് പറഞ്ഞു. പ്രത്യേക ആവശ്യത്തിന്റെ പ്രാധാന്യം മനസിലാക്കിയ അദ്ദേഹം രണ്ട് മിനിറ്റിനകം വരാമെന്ന് പറഞ്ഞ് റെയില്‍വേ സ്റ്റേഷന് പുറത്തെ പാല്‍ ബൂത്തിലേക്ക് ഓടി. പാലുമായി വരുമ്പോഴേക്കും ട്രെയിന്‍ നീങ്ങി തുടങ്ങിയിരുന്നു. ഒരു കയ്യില്‍ സര്‍വീസ് റിവോള്‍വറും മറുകയ്യില്‍ പാലുമായി അതിവേഗത്തില്‍ ഓടിവരുന്ന ആര്‍.പി.എഫ് ജവാന്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിയുകയും ചെയ്തു.

ട്രെയിനൊപ്പം ഓടി പാല്‍ കുഞ്ഞിനും അമ്മക്കും കൈമാറിയ ശേഷമാണ് ഇന്ദര്‍ സിംഗ് യാദവ് ഓട്ടം നിര്‍ത്തിയത്. ഓട്ടത്തിനിടെ ഒരിക്കല്‍ പോലും പാല് കൊടുക്കാനാവുമോ എന്ന് സംശയിച്ചില്ലെന്നാണ് പിന്നീട് അദ്ദേഹം പറഞ്ഞത്.