Kerala

ബെവ്‌കോ ആപ്പിന്‍റെ പ്രശ്നം പരിഹരിച്ചു; ബുക്കിംഗ് പുനരാരംഭിച്ചു

നാളെയും മറ്റന്നാളും മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല

ബെവ്കോ ആപ്പിന്‍റെ സാങ്കേതിക പ്രശ്നം പരിഹരിച്ച് ബുക്കിംഗ് പുനരാരംഭിച്ചു. ടോക്കണ്‍ കിട്ടുന്നില്ലെന്ന വ്യാപക പരാതിയെ തുടര്‍ന്ന് മന്ത്രി വിളിച്ച ഉന്നതതല യോഗത്തിന് ശേഷമാണ് പ്രശ്നം പരിഹരിച്ചത്. നാളെയും മറ്റന്നാളും മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കില്ല

ബെവ്‌കോ ആപ്പിലൂടെ ടോക്കണ്‍ വിതരണം ചെയ്യുന്നതിന് ആദ്യ ദിവസം മുതല്‍ നിരവധി സാങ്കേതിക പ്രശ്നങ്ങളാണ് നിലനിന്നിരുന്നത്. കമ്പനിയെ തെരഞ്ഞെടുത്തത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ക്രമക്കേട് ഉണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് എക്സൈസ് മന്ത്രി ഇന്നലെ ഉന്നതതതലയോഗം വിളിച്ചത്. പ്രശ്നപരിഹാരത്തിന് മന്ത്രി അടിയന്തര നിര്‍ദേശം നല്കി.

രാത്രിയോടെ ആപ്പിലെ സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചു. ബുക്ക് ചെയ്യുന്നവര്‍ക്ക് വേഗത്തില്‍ തന്നെ ടോക്കണ്‍ ലഭ്യമാകുന്ന തരത്തിലാണ് ഇപ്പോഴത്തെ ക്രമീകരണം.. ആദ്യ ദിവസങ്ങളിലുണ്ടായ സാങ്കേതിക പ്രശ്നങ്ങള്‍ സംബന്ധിച്ച് എക്സൈസ് മന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ആപ്പിന്‍റെ പരിമിതികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ബെവ്‌കോയോടും സ്റ്റാര്‍ട്ടപ്പ് മിഷനോടും മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. റിപ്പോര്‍ട്ട് കിട്ടുന്നതിന്റെ പിന്നാലെ ഇക്കാര്യത്തില്‍ തുടര്‍നടപടിയുണ്ടാകും.

ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൌണും തിങ്കളാഴ്ച ഡ്രൈ ഡേയും ആയതിനാല്‍ ജൂണ്‍ രണ്ടോടുകൂടി നിലവിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ കഴിയുമെന്നാണ് ബെവ്കോയുടെ കണക്കുകൂട്ടല്‍.