Switzerland

ന്യൂസിലാന്‍ഡില്‍ കാട്ടുതീ നിയന്ത്രണ വിധേയമാകാതെ ; 3000ത്തോളം പേര്‍ വീടുകള്‍ ഒഴിഞ്ഞ് പോയി

ന്യൂസിലാന്‍ഡിലെ ദക്ഷിണ വനമേഖലയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീ നിയന്ത്രണ വിധേയമാകാതെ തുടരുന്നു. ന്യൂസിലാന്‍ഡിന്റെ ചരിത്രത്തില്‍ അരനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കാട്ടുതീയാണ് രാജ്യം ഇപ്പോള്‍ നേരിടുന്നത്. മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഇതിനോടകം 3000ത്തോളം പേര്‍ വീടുകള്‍ ഒഴിഞ്ഞ് പോവുകയും ചെയ്തിട്ടുണ്ട്.

ന്യൂസിലാന്‍ഡിലെ ടാസ്മാന്‍ പ്രവിശ്യയിലെ നെല്‍സണ്‍ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന വനമേഖലയില്‍ ഒരാഴ്ച മുന്‍പാണ് കാട്ടുതീ പൊട്ടിപ്പുറപ്പെട്ടത്. 23 ഹെലികോപ്ടറുകളും 3 വിമാനങ്ങളും 155 അഗ്നിശമന സേനാംഗങ്ങളും അത്യധ്വാനം ചെയ്തിട്ടും തീപടര്‍ന്നു പിടിക്കുന്നത് തടയാനായിട്ടില്ല. കാട്ടുതീയില്‍ ഇതുവരെ ആള്‍നാശമുണ്ടായതായി റിപ്പോര്‍ട്ടില്ല.

സൈന്യവും പൊലീസും നൂറുകണക്കിന് വളണ്ടിയര്‍മാരും സന്നദ്ധ പ്രവര്‍ത്തകും രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍‌പ്പെട്ടിട്ടുണ്ട്. വനവല്‍ക്കരണം നടത്തിയിട്ടുള്ള നെല്‍സണ്‍ നഗരത്തില്‍ നിരവധിയായ ഫാമുകളിലെ വളര്‍ത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. 3000 പേര്‍ വീടുകള്‍ ഉപേക്ഷിച്ച് പോയി. കൂടുതല്‍ പേര്‍ വരും ദിവസങ്ങളില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയേക്കും. സമീപ നഗരമായ വേക്ക്ഫീല്‍ഡും കാട്ടുതീ ഭീതിയിലാണിപ്പോള്‍. ഏകദേശം 70000ത്തോളം പേര്‍ കാട്ടുതീ ബാധിത മേഖലയില്‍ ഉണ്ടെന്നാണ് കണക്ക്.

പ്രതികൂല കാലാവസഥയും ശക്തിയേറിയ കാറ്റും ഉള്ളതിനാല്‍ സ്ഥിതിഗതികള്‍ വഷളാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. തീ പടരുന്നത് തടയുന്നതിനായി നിയന്ത്രണ വിധേയമായി കാട് കത്തിച്ച് ഫയര്‍ ലൈനുകള്‍ ഒരുക്കുന്ന പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്.