മഴക്കാലം ആരംഭിക്കുന്നതോടെ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ എന്നിവയാണ് പടര്‍ന്ന് പിടിക്കാനുള്ള സാധ്യതയുള്ളത്
ചെറിയ മുൻ കരുതലുകൾ എടുത്താല്‍ മഴക്കാലരോഗങ്ങളെ തടഞ്ഞ് നിര്‍ത്താന്‍ സാധിക്കും. മഴക്കാല രോഗങ്ങളെക്കുറിച്ചും അവയെ നേരിടാനുള്ള മുന്‍കരുതലുകളെക്കുറിച്ചും വിശദമായി അറിയാം
ഡെങ്കിപ്പനി
പകൽ സമയത്ത് കടിക്കുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് ഡെങ്കിപ്പനി പടരുന്നത്. വീടുകളുടെയും, കെട്ടിടങ്ങളുടെയും അകത്തും പരിസരങ്ങളിലുമുള്ള വെള്ളക്കെട്ടുകളില്‍ മുട്ടയിട്ടാണ് ഈഡിസ് കൊതുകുകള്‍ പെരുകുന്നത്.
കൊതുകിന് വളരാനുള്ള സാഹചര്യം ഇല്ലാതാക്കുക
വീടിന്റെ ഉള്ളിൽ പൂച്ചെട്ടികളുടെ അടിയിലുള്ള പാത്രം, ഫ്രിഡ്ജുകളുടെ ഡീഫ്രോസ്റ്റ് ട്രേ, സൺഷേയ്ഡ്, മേൽക്കൂര, ഉപയോഗിക്കാതെ കിടക്കുന്ന ടാങ്കുകൾ, കൂളറുകൾ, മേയാനുപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഷീറ്റുകൾ, തുടങ്ങിയവയിൽ കെട്ടി നിൽക്കുന്ന വെള്ളം ആഴ്ച്ചയിലൊരിക്കൽ നിർബന്ധമായും മാറ്റണം.
എലിപ്പനി
എലിപ്പനി എലികളില്‍ കൂടി മാത്രമാണ് പടരുന്നതെന്ന ധാരണ ശരിയല്ല. എലിപ്പനി രോഗാണു വാഹകരിൽ എലികൾ മാത്രമല്ല, പട്ടികളും മറ്റു വളർത്തുമൃഗങ്ങളും, കന്നുകാലികളും ഉൾപ്പെടും. അവയുടെ മൂത്രത്താൽ മലിനമായ വെള്ളവുമായി സമ്പർക്കം ഉണ്ടാകുമ്പോൾ ആണ് രോഗം പകരുന്നത്. കൈകാലുകളിൽ മുറിവ് ഉള്ളപ്പോൾ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നത് രോഗം പകരുവാനിടയാക്കുമെന്നതിനാൽ അത് കർശനമായി ഒഴിവാക്കണം.
എലിപ്പനി പ്രതിരോധത്തിന് ഡോക്സി സൈക്ലിൻ
ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ, കൃഷിസംബന്ധമായി ചേറിലും ചെളിയിലും ജോലി ചെയ്യുന്നവർ, മലിനമായ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർ, എന്നിവർ എലിപ്പനിക്കെതിരെ മുൻ കരുതൽ എന്ന നിലയിൽ സമീപമുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ നിന്നും ഡോക്സി സൈക്ലിൻ 200 മില്ലിഗ്രാം ഗുളിക വാങ്ങി ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം കഴിക്കണം. ആഹാരത്തിന് ശേഷം ആണ് കഴിക്കേണ്ടത്. ജോലി ആരംഭിക്കുന്നതിന് തലേന്ന് കഴിക്കണം. ആഴ്ചയിലൊരിക്കൽ എന്ന തോതിൽ, പരമാവധി 6 ആഴ്ച്ച വരെ ഡോക്സിസൈക്ലിൻ കഴിക്കാം.
വയറിളക്കരോഗങ്ങളും മഞ്ഞപ്പിത്തവും
മഴക്കാലത്ത് ഏറ്റവും സാധാരണയായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് വെള്ളത്തിൽ കൂടി പകരുന്ന വയറിളക്കരോഗങ്ങളും മഞ്ഞപ്പിത്തവുമാണ് (ഹെപ്പറ്റൈറ്റിസ് എ) . ഇതൊഴിവാക്കുവാനും ശുചിത്വം കർശനമായി പാലിക്കുക എന്നതാണ് മാര്‍ഗ്ഗം.
ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കൈകള്‍ കഴുകുന്നത് ഒരു പരിധി വരെ വയറിളക്ക രോഗങ്ങൾ പകരുന്നത് തടയും. ആഹാരത്തിന് മുൻപും, ശുചി മുറി ഉപയോഗിച്ച ശേഷവും നിർബന്ധമായും സോപ്പുപയോഗിച്ചു കഴുകണം.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുവാൻ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തിൽ പച്ചവെള്ളം കലർത്തി ഉപയോഗിക്കരുത്. കുടിവെള്ളത്തിന് ഉപയോഗിക്കുന്ന കിണർ ആഴ്ചയിലൊരിക്കൽ ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് ശുദ്ധീകരിക്കണം. ഹോട്ടലുകളിലും സോഡ നിർമാണ യൂണിറ്റുകളിലും കുടിവെള്ള സ്രോതസ്സ് ആയി ഉപയോഗിക്കുന്ന കിണറുകളിലെ വെള്ളത്തിന്റെ ഗുണ നിലവാരം മാസത്തിലൊരിക്കൽ പരിശോധിച്ച് ഉറപ്പ് വരുത്തണം.
രോഗലക്ഷണങ്ങള്‍
പനി, തലവേദന, ഛർദ്ദി, ക്ഷീണം, മനംപിരട്ടൽ എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ പ്രാരംഭ രോഗലക്ഷണങ്ങൾ. മഞ്ഞപ്പിത്തം ബാധിച്ച രോഗികൾ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കുകയും വീട്ടിൽ വിശ്രമിക്കുകയും ചെയ്യേണ്ടതാണ്.
വിവരങ്ങള്‍ക്ക് കടപ്പാട് : എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)