Kerala

സംസ്ഥാനത്ത് മദ്യശാലകള്‍ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും

മദ്യവിതരണത്തിനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ ബെവ്ക്യു പ്ലേസ്റ്റോറില്‍ ലഭ്യമായി

ബിവറേജസ് ഔട്ട് ലെറ്റുള്‍പ്പെടെ സംസ്ഥാനത്ത് മദ്യശാലകള്‍ ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിക്കും. മദ്യവിതരണത്തിനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ ബെവ്ക്യു പ്ലേസ്റ്റോറില്‍ ലഭ്യമായി. ഒരേസമയം അഞ്ച് പേര്‍ മാത്രമേ വരിയിലുണ്ടാകാന്‍ പാടുള്ളൂ.

കൊവിഡ് ബാധയെ തുടര്‍ന്ന് ലോക് ഡൌണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ മാര‍്ച്ച് 24 നാണ് സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകള്‍ അടച്ചത്. ജനങ്ങളുടെ തിരക്ക് ഒഴിവാക്കാന്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം തയാറാക്കിയാണ് മദ്യശാലകള്‍ തുറക്കുന്നത്. ബെവ്ക്യൂ എന്ന ആപാണ് ഇതിനായി ഉപയോഗിക്കുന്നത്. ബെവ്ക്യു ആപ് പ്ലേസ്റ്റോറില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്ത് ലോഗിന്‍ പൂര്‍ത്തിയാക്കി മദ്യഷോപ്പുകള്‍ തെരഞ്ഞെടുത്താല്‍ മുതല്‍ മദ്യം വാങ്ങാം. രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വില്‍പന. ആപ്പ് വഴിയുള്ള ബുക്കിങ് രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെ മാത്രം. ഔട്‌ലറ്റുകളില്‍ സുരക്ഷ മുന്‍കരുതലുകളുണ്ടാവും. ബിവറജേസ് ഔട്ട് ലെറ്റിലെ തിരക്ക് കുറക്കാന് ബാറുകളിലും ബിയര്‍ വൈന്‍ പാര്‍ലറുകളിലും ബിവറേജസിന്‍റെ അതേ വിലക്ക് മദ്യം പാര്‍സലായി ലഭിക്കും.

265 ബെവ്കോ ഔട്‌ലറ്റുകള്‍, 36 കണ്‍സ്യൂമര്‍ ഫെഡ് ഷോപ്പുകള്‍, 576 ബാര്‍ ഹോട്ടലുകള്‍, 291 ബിയര്‍ വൈന്‍ പാര്‍ലറുകള്‍ എന്നി വഴി ഇന്നു മുതല്‍ മദ്യം ലഭിക്കും. ടോക്കണ്‍ പ്രകാരമുള്ള സമയത്ത് വന്നില്ലെങ്കില്‍ മദ്യം കിട്ടില്ല. അടുത്ത ബുക്കിങ് 5 ദിവസത്തിന് ശേഷം മാത്രം. എസ്.എം.എസ് വഴിയും ബുക്കിങ് നടത്താം. മദ്യവിതരണം പുനരാരംഭിക്കാന്‍ മെയ് 14ന് തന്നെ അനുമതിയായിരുന്നെങ്കിലും വെര്‍ച്വല്‍ ക്യൂവിനുള്ള ആപ് പ്രവര്‍ത്തനക്ഷമമാകാത്തത് മൂലമാണ് വൈകിയത്.