ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ ടോവിനോ തോമസ് നായകനായി അഭിനയിക്കുന്ന മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്തതുമായി ബന്ധപ്പെട്ട വിവാദം ചൂടുപിടിച്ചിരിക്കെ ആമേന്‍ സിനിമയിലെ പള്ളിക്കെതിരെ വ്യാജ പ്രചരണവുമായി സംഘപരിവാര്‍. 2013ല്‍ ആമേന്‍ സിനിമയിലെ കുമരങ്കരി ഗ്രാമത്തില്‍ മര്‍മ്മ പ്രധാന ഭാഗമായ ‘ഗീവര്‍ഗീസ് പുണ്യാളന്റെ’ പള്ളിക്കെതിരെയാണ് വ്യാജ ആരോപണങ്ങളുമായി സംഘപരിവാര്‍ അനുകൂല പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ വഴി പ്രചരണം നടത്തുന്നത്. ‘ആമേന്‍ സിനിമക്ക് വേണ്ടി 2013ല്‍ ഇട്ട സെറ്റ് ഇന്ന് തീര്‍ത്ഥാടന കേന്ദ്രമാണ്‘ എന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ പ്രചരണം നടത്തുന്നത്. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ തെളിയിക്കുകയാണ് സിനിമയുടെ ചിത്രീകരണം നടന്ന ആലപ്പുഴ ജില്ലയിലെ ഉളവയ്പ്പിൽ നിന്നുള്ള അനന്തു അജി. ഒന്നൊന്നര മാസം നീണ്ടു നിന്ന ആമേന്റെ ചിത്രീകരണത്തിന് ശേഷം വിറക് വിലയ്ക്ക് ആ പള്ളി പൊളിച്ച് വിൽക്കുകയായിരുന്നു എന്ന് അനന്തു ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
അനന്തു അജിയുടെ ഫേസ്ബുക്ക് കുറിപ്പ്
ആമേൻ സിനിമയ്ക്കായി 2013ൽ ഇട്ട കൃസ്ത്യൻ പള്ളിയുടെ സെറ്റ് സിനിമ ഷൂട്ടിംഗിന് ശേഷവും പൊളിച്ച് മാറ്റിയില്ലെന്നും അതിപ്പോഴൊരു ” തീർത്ഥാടനകേന്ദ്രമായി ” മാറിയിരിക്കുകയാണെന്നുമൊക്കെ മിന്നൽ മുരളി എന്ന സിനിമയുടെ സെറ്റ് പൊളിച്ച സംഘികൾ പറഞ്ഞു പരത്തുന്നുണ്ട്. ആമേൻ സിനിമയ്ക്കായി സെറ്റിട്ട പള്ളി എന്റെ നാട്ടിലാണ്. ഉളവയ്പ്പിൽ.. ( ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്ക്. ) എന്റെ അറിവിൽ ആമേൻ സിനിമയ്ക്കായി അന്ന് സെറ്റിട്ടത് ഈ ചിത്രത്തിൽ കാണുന്ന ഒരേയൊരു പള്ളിയാണ്. അതും എന്റെ വീട്ടിൽ നിന്ന് പത്തോ പതിനഞ്ചോ മിനിറ്റ് കഷ്ടി നടന്നാൽ എത്താവുന്ന ദൂരത്ത്. ചോറും കറിയുമൊക്കെ നേരത്തെ വെച്ച് സ്ത്രീകളടക്കമുള്ള ആളുകൾ, കുട്ടികൾ, പണിക്ക് അവധി കൊടുത്ത് ചേട്ടന്മാർ ഒരു നാട് മൊത്തം ഷൂട്ടിംഗ് കാണാൻ എത്തുന്നത് ഞാനാദ്യമായി കാണുന്നത് അന്നാണ്. അതിന് മുന്‍പും അതിന് ശേഷവും വാരിക്കുഴിയിലെ കൊലപാതകമടക്കം ഒരുപാട് സിനിമകൾ ഉളവയ്പ്പിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. ഏതാണ്ട് ഒന്നൊന്നര മാസം നീണ്ടു നിന്ന ആമേൻന്റെ ഷൂട്ടിംഗിന് ശേഷം വിറക് വിലയ്ക്ക് ആ പള്ളി പൊളിച്ച് വിൽക്കുകയായിരുന്നു ഉണ്ടായത്.പക്ഷെ സംഘികള്‍ പറയുന്ന ഇപ്പോഴും “തീർത്ഥാടനകേന്ദ്രമായി” നില്ക്കുന്ന ആ പള്ളി ഏതാണ് എത്രയാലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല.
ഇനിയിപ്പോ ഞാനറിയാതെ എന്റെ തൊട്ടടുത്തെങ്ങാനും വേറൊരു “തീർത്ഥാടനകേന്ദ്രം ” ഉണ്ടോ ആവോ..?അല്ല ഇല്യൂമിനാണ്ടിയുടെയൊക്കെ കാലമാണേ..ഒന്നും പറയാൻ പറ്റില്ല..!!
പ്രധാന വിറ്റ് ഇതൊന്നുമല്ല.,വാരിക്കുഴിയിലെ കൊലപാതകം എന്ന സിനിമയ്ക്ക് വേണ്ടി സെറ്റ് ഇട്ട കൂട്ടത്തിൽ ഒരു പാർട്ടി ഓഫീസും ഉണ്ടായിരുന്നു. അതിപ്പോ ഉളവയ്പ്പിലെ പാർട്ടിക്കാര് ഓഫീസ് ആയിട്ട് ഉപയോഗിക്കുവാണെന്നെങ്ങാനും ഇവറ്റകള് പറയുവോന്നാ എന്റെ പേടി.