Pravasi UAE

കുവൈത്തിൽ 665 പേർക്ക് കൂടി കോവിഡ്; ഇന്ന് 9 മരണം

ആകെ രോഗികളുടെ എണ്ണം 21967 ആയി. പുതിയ രോഗികളിൽ  195 ഇന്ത്യക്കാർ

കഴിഞ്ഞ 24 മണിക്കൂറിനിടെ 665 പേർക്കാണ് കുവൈത്തിൽ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 21967 ആയി. പുതിയ രോഗികളിൽ195 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 7030 ആയി. 24 മണിക്കൂറിനിടെ 9 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 165 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 200 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 130 പേർക്കും അഹമ്മദിയിൽ നിന്നുള്ള 190 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 55 പേർക്കും ജഹറയിൽ നിന്നുള്ള 90 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:

  • ഫർവാനിയ: 43
  • ഖെയ്താൻ: 37
  • ഹവല്ലി: 44
  • ജലീബ് അൽ ശുയൂഖ്: 62

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2723 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കി. ഇതുവരെ 273812 സ്വാബ് ടെസ്റ്റുകൾ നടത്തി.

പുതുതായി 504 പേർ കൂടി രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 6621 ആയി. നിലവിൽ 15181 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 182 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.