India National

രാജ്യത്ത് കോവിഡ് മരണം 4000 കടന്നു; ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇറാനെ പിന്തള്ളി ഇന്ത്യ പത്താമത്

154 പേർ കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചു. പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം 7000 ന് അടുത്തെത്തി. 1.38 ലക്ഷമാണ് ആകെ രോഗബാധിതർ

രാജ്യത്ത് കോവിഡ് മരണം 4000 കടന്നു. 154 പേർ കഴിഞ്ഞ 24 മണിക്കൂറിൽ മരിച്ചു. പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം 7000 ന് അടുത്തെത്തി. 1.38 ലക്ഷമാണ് ആകെ രോഗബാധിതർ. 5 ദിവസം തുടർച്ചയായി 6000 ന് മുകളിൽ പുതിയ കേസുകൾ രേഖപ്പെടുത്തിയതോടെ ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇറാനെ പിന്തള്ളി ഇന്ത്യ പത്താമതായി.

6977 പുതിയ കേസും 154 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. ആകെ കോവിഡ് ബാധിതർ 1,38,845 ഉം മരണം 4021 ഉം കടന്നു. 57720 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക് 42% വും മരണനിരക്ക് 3 % വും ആണ്. ദിനം പ്രതി 1,00200 സാമ്പിളുകൾ പരിശോധിക്കുന്നു. ഇതിൽ 5 % പോസിറ്റീവാണ്. ഇതുവരെ 30 ലക്ഷം പരിശോധന നടത്തി. ഇതാണ് രോഗബാധിതരുടെ എണ്ണത്തിലെ വർധനക്ക് കാരണമെന്ന് ഐ.സി.എം.ആര്‍ പറയുന്നു. വരുന്ന ആഴ്ചകളിലും ആരോഗ്യ മന്ത്രാലയം വർധനവ് പ്രതീക്ഷിക്കുന്നുണ്ട്.

മഹാരാഷ്ട്രയിലക്കം 11 മുൻസിപ്പൽ ഏരിയകൾ രോഗബാധയുടെ കേന്ദ്രങ്ങളായി തീർന്നിരിക്കുന്നു. ഡൽഹിയിൽ 13,4 18 രോഗബാധിതരും 508 മരണവുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .ഡൽഹി എയിംസിൽ സാനിറ്റേഷൻ സീനിയർ സൂപ്പർവൈസർ ഹീര ലാൽ കോവിഡ് ബാധിച്ച് മരിച്ചു. 3 പുതിയ പ്രദേശങ്ങൾ കൂടി ചേർത്തതോടെ നിയന്ത്രിത മേഖലകൾ 90 ആയി. 14063 രോഗബാധിതരും 344 മരണവും ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തു. എഴുപത്തി രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജസ്ഥാനിൽ രോഗബാധിതർ 7000 കടന്നു. മരണം 163 കവിഞ്ഞു.

പശ്ചിമ ബംഗാളിൽ രോഗബാധിതർ 4000ത്തോട് അടുത്തപ്പോഴേക്കും മരണം 200 കവിഞ്ഞു. മധ്യപദേശിൽ രോഗബാധിതർ 7000 നും മരണം 300 നും അടുത്തെത്തി. ആഭ്യന്തര സർവീസുകൾ ആരംഭിച്ചതോടെ ആശങ്കയിലാണ് സംസ്ഥാനങ്ങൾ.