വന്ദേഭാരത് മിഷൻ മൂന്നാംഘട്ടത്തിൽ ഗൾഫിൽ നിന്ന് കേരളത്തിലേക്ക് 85 വിമാനങ്ങൾ എത്തും
വന്ദേഭാരത് മിഷൻ മൂന്നാംഘട്ടത്തിൽ ഗൾഫിൽ നിന്ന് കേരളത്തിലേക്ക് 85 വിമാനങ്ങൾ എത്തും. ഏറ്റവും കൂടുതൽ വിമാനങ്ങൾ എത്തുന്നത് യു.എ.ഇയിൽ നിന്നാണ്. ഒരാഴ്ചക്കിടെ 56 വിമാനങ്ങളാണ് ദുബൈയിൽ നിന്നും അബൂദബിയിൽ നിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക് എത്തുന്നത്.
ഈമാസം 26 മുതൽ ജൂൺ നാല് വരെയാണ് വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ട വിമാനങ്ങൾ പ്രവാസികളുമായി നാട്ടിലേക്ക് പറക്കുക. ഈ ഘട്ടത്തിലെ എയർ ഇന്ത്യ എക്സ്പ്രസിന്റെ 95 വിമാനങ്ങളും, എയർ ഇന്ത്യ രണ്ടാംഘട്ടത്തിൽ പ്രഖ്യാപിച്ച അധികവിമാനങ്ങളും ഉൾപ്പെടെ ഇന്ത്യയിലേക്ക് 138 വിമാനങ്ങളാണ് ഗൾഫിൽ നിന്ന് വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് എത്തുന്നത്. കേരളത്തിലേക്ക് എത്തുന്നത് 85 വിമാനങ്ങളും. സൗദിയിലെ ജിദ്ദയിൽ നിന്ന് കോഴിക്കോട്ട് പറക്കുന്ന എയർ ഇന്ത്യയുടെ രണ്ടുവിമാനങ്ങളും റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറക്കുന്ന ഒരു വിമാനവും ഉൾപ്പെടെയാണിത്.
ഒമാനിൽ നിന്ന് ഈ ആഴ്ച പത്ത് വിമാനങ്ങളുണ്ട്. ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിൽ നിന്ന് അഞ്ച് വിമാനങ്ങളും കുവൈത്തിൽ നിന്ന് ആറ് വിമാനങ്ങളും കേരളത്തിലെത്തും. ഏറ്റവും കൂടുതൽ വിമാനങ്ങൾ ഗൾഫിൽ നിന്ന് എത്തുന്നത് കരിപ്പൂർ എയർപോർട്ടിലേക്ക് ആണ്, 24 വിമാനങ്ങൾ. കൊച്ചിയിലേക്ക് 22 വിമാനവും, തിരുവനന്തപുരത്തേക്ക് 20 വിമാനവും ഗൾഫിൽ നിന്ന് എത്തും. കണ്ണൂരിലേക്ക് 19 വിമാനങ്ങളും പ്രവാസികളെ തിരിച്ചെത്തിക്കും.