ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയോടെ ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ തുടങ്ങുന്നതായി റിപ്പോര്‍ട്ട്.
ഇന്ത്യയുടെ ക്രിക്കറ്റ് പരമ്പര എവിടെ അവസാനിച്ചുവോ, അവിടെ നിന്നും തുടങ്ങുന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങള്‍ തുടങ്ങുന്നത്. ഇന്ത്യ അവസാനമായി കളിക്കാനിരുന്നതും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആയിരുന്നു. ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയരക്ടര്‍ ഗ്രെയിം സ്മിത്തുമായി ബുധനാഴ്ച വീഡിയോ കോണ്‍ഫ്രന്‍സിലൂടെ സംസാരിച്ചെന്നും ഇരു ടീമുകളും തമ്മില്‍ ടി20 പരമ്പര തുടങ്ങാന്‍ തീരുമാനമായെന്നും ഇഎസ്പിഎന്‍ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍ക്കാരിന്റെ സമ്മതം ലഭിച്ചാലെ സമയവും വേദിയുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കൂ. ആഗസ്റ്റില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് തീരുമാനമായിരിക്കുന്നത്. അതേസമയം ഇന്ത്യയും ദക്ഷിണാഫ്രിക്കയും കൊറോണ വൈറസിന്റെ പിടിയില്‍ നിന്ന് ഇതുവരെ രക്ഷപ്പെട്ടിട്ടില്ല. ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1.10 ലക്ഷം കടന്നു. ദക്ഷിണാഫ്രിക്കയില്‍ 18,003 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
കൊറോണയുടെയും ലോക്ഡൗണിന്റെയും പശ്ചാതലത്തില്‍ മാര്‍ച്ച് പകുതിക്ക് ശേഷം ക്രിക്കറ്റ് മത്സരങ്ങളൊന്നും നടന്നിട്ടില്ല. ഇന്ത്യക്കെതിരെ പരമ്പര കളിക്കാന്‍ എത്തിയ ദക്ഷിണാഫ്രിക്ക പിന്നീട് മടങ്ങുകയായിരുന്നു. അതേസമയം ഐ.പി.എല്‍ എന്ന് തുടങ്ങണമെന്ന കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്. നേരത്തെ ശ്രീലങ്കക്കെതിരെയായിരിക്കും ഇന്ത്യയുടെ ലോക്ഡൗണിന് ശേഷമുള്ള ആദ്യ പരമ്പര എന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ല.