International

‘കോവിഡിനെ നേരിടുന്നതിൽ മാത്രമല്ല മികവ്’ കേരളത്തെ പ്രശംസിച്ച് നരവംശ ശാസ്ത്രജ്ഞൻ ജേസൺ ഹിക്കൽ

യൂണിവേഴ്‌സിറ്റി ഓഫ് വിർജീനിയ, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്, യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടൻ തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യാപകനും ബെസ്റ്റ് സെല്ലറായ ‘ദി ഡിവൈഡി’ന്റെ രചയിതാവുമാണ് ജേസൺ ഹിക്കൽ

കോവിഡിനെതിരായ പോരാട്ടത്തിൽ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച കേരളത്തിന് പ്രശംസയുമായി നരവംശ ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ജേസൺ ഹിക്കൽ. കോവിഡിനെ നേരിടുന്നതിൽ മാത്രമല്ല, സുസ്ഥിര വികസന സൂചികയിലും കേരളത്തിന്റെ പ്രകടനം മികച്ചതാണെന്നും ഇതിൽ ഇന്ത്യ, ചൈന രാജ്യങ്ങളെ കേരളം കടത്തിവെട്ടുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിൽ ഗ്രാഫ് സഹിതമുള്ള ട്വീറ്റിലൂടെയാണ് കേരളത്തിന്റെ നേട്ടത്തെ ഹിക്കൽ വാഴ്ത്തിയത്.

‘ഈയിടെ കോവിഡ് 19-നെതിരായ ഉജ്ജ്വല പ്രകടനത്തിന്റെ പേരിൽ കേരളം ശ്രദ്ധയാകർഷിച്ചപ്പോൾ സുസ്ഥിര വികസന സൂചികയോട് ഇത് ചേർത്തു നോക്കണമെന്ന് തോന്നി. അവിടെയും ഫലം മികച്ചതാണ്: (കേരളം) ആദ്യ 15-ൽ വരുന്നുണ്ട്. ഇന്ത്യയേക്കാളും ചൈനയേക്കാളും എത്രയോ മികച്ചത്…’

കേരളത്തിലെ ആയുർദൈർഘ്യം ചൈനയേക്കാൾ അൽപം മാത്രം പിറകിലാണ്. വിദ്യാഭ്യാസത്തിൽ ചൈനയേക്കാൾ ഭേദമാണ്. (മാലിന്യം) പുറന്തള്ളുന്നതും ദ്രവ്യ പാദമുദ്രയും (Material Footprint) ഗണ്യമായ തോതിൽ കുറവാണ്.’ ഹിക്കൽ ട്വീറ്റ് ചെയ്തു.

യൂണിവേഴ്‌സിറ്റി ഓഫ് വിർജീനിയ, ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്, യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടൻ തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യാപകനും ബെസ്റ്റ് സെല്ലറായ ‘ദി ഡിവൈഡ്’ അടക്കമുള്ള ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് ജേസൺ ഹിക്കൽ.

നേരത്തെ, കോവിഡിനെ നേരിടുന്നതിലെ കേരള മാതൃക സംബന്ധിച്ചുള്ള ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് അദ്ദേഹം ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരുന്നു.

“കോവിഡ് 19-നോട് തുടക്കത്തിലേയുള്ള കേരളത്തിന്റെ പ്രതികരണം 30 ദശലക്ഷം ജനസംഖ്യയിൽ മരണസംഖ്യ നാലിൽ നിർത്തി. ഇത് സ്വയംപ്രഖ്യാപിത ‘ഒന്നാം ലോകത്തെ’ നാണിപ്പിക്കുന്നു. ബ്രിട്ടനിൽ ഒഴിവാക്കാമായിരുന്ന മരണനിരക്കിനെ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.” – മന്ത്രി ശൈലജയെക്കുറിച്ചുള്ള വാർത്ത ഷെയർ ചെയ്ത് ഹിക്കൽ കുറിച്ചു.