National

ശ്രമിക് ട്രെയിനുകൾ റദ്ദാക്കി; ഗുജറാത്തിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം

തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ കോൺഗ്രസ് തയ്യാറാക്കിയ ബസുകൾക്ക് യു.പി സർക്കാർ അനുമതി നിഷേധിച്ചു.

ബീഹാറിലേക്കും യു.പിയിലേക്കുമുള്ള രണ്ട് ശ്രമിക് ട്രെയിനുകൾ റദ്ദാക്കിയതിൽ ഗുജറാത്തിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. ഉത്ത൪പ്രദേശ്-മധ്യപ്രദേശ് അതി൪ത്തിയായ ചാക്ഗട്ടിലും സംഘര്‍ഷമുണ്ടായി. തൊഴിലാളികൾക്ക് നാട്ടിലേക്ക് പോകാൻ കോൺഗ്രസ് തയ്യാറാക്കിയ ബസുകൾക്ക് യു.പി സർക്കാർ അനുമതി നിഷേധിച്ചു.

ബീഹാറിലേക്കും യുപിയിലേക്കുമായി ഇന്ന് നിശ്ചയിച്ചിരുന്ന രണ്ട് ശ്രാമിക് ട്രെയിനുകൾ സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കിയതാണ് ഗുജറാത്തിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിനിടയാക്കിയത്. പ്രതിഷേധം പിന്നീട് അക്രമത്തിലേക്ക് വഴിമാറി. നിരവധി വാഹനങ്ങൾ അടിച്ചുതക൪ക്കപ്പെട്ടു. കുറ്റക്കാ൪ക്കെതിരെ നടപടി എടുക്കുമെന്ന് രാജ്കോട്ട് റൂറൽ എസ്.പി ബൽറാം മീണ അറിയിച്ചു. അതിനിടെ അതിഥി തൊഴിലാളികൾക്കായി കോൺഗ്രസ് തയ്യാറാക്കിയ ബസുകൾക്ക് യുപി സർക്കാർ അനുമതി നിഷേധിച്ചു. തൊഴിലാളികളെ വീട്ടിലെത്തിക്കാനായി രാജസ്ഥാനിൽ നിന്നും മറ്റും തയ്യാറാക്കിയ ആയിരത്തോളം ബസുകളാണ് അതിർത്തിയിൽ അനുമതി കാത്തുകിടക്കുന്നത്. സർക്കാറുകൾ കൊണ്ടുവരുന്നവരെ മാത്രമേ കടത്തിവിടൂവെന്ന നിലപാടിലാണ് യുപി സർക്കാർ. അതേസമയം ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലെന്ന് കോൺഗ്രസ് വിമർശിച്ചു. തൊഴിലാളികളെ കടത്തിവിടണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അഭ്യർഥിച്ചു.

ഉത്ത൪പ്രദേശ് മധ്യപ്രദേശ് അതി൪ത്തിയായ ചാക്ഗട്ടിൽ അതിഥി തൊഴിലാളികൾ ബാരിക്കേഡ് തക൪ത്ത് യാത്ര തുടർന്നു. നൂറുകണക്കിന് അതിഥി തൊഴിലാളികളാണ് വീടുകളിലേക്ക് കാൽനടയായി യാത്ര ചെയ്ത് അതി൪ത്തിയിൽ എത്തിയിരുന്നത്.

കുടിയേറ്റ തൊഴിലാളികളുടെ കാൽനടയായുള്ള പലായനം തുടരുകയാണ്. ഇതിനകം 20 ലക്ഷം അതിഥി തൊഴിലാളികളാണ് നാട്ടിലേക്ക് പോകാനായി മഹാരാഷ്ട്രയിൽ രജിസ്റ്റ൪ ചെയ്തിരിക്കുന്നത്. ബീഹാ൪, പശ്ചിമ ബംഗാൾ സ്വദേശികളാണ് ഇവരിൽ കൂടുതലും. ആവിശ്യമനുസരിച്ച് അതിഥി തൊഴിലാളികൾക്ക് ട്രെയിൻ സൗകര്യം ഒരുക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചു. ദിനേന ആയിരം ബസുകൾ തയ്യാറാക്കി വരികയാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും അറിയിച്ചു.