India

അയോധ്യ വിഷയം ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാകരുതെന്ന് രാഹുൽ ഗാന്ധി

അയോധ്യ വിഷയം ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാകരുതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കർഷക പ്രതിഷേധം, റഫാൽ തുടങ്ങിയവ തെരഞ്ഞെടുപ്പിൽ പ്രചരണ വിഷയമാക്കും. രാഹുലിന്റെ നിലപാട് ശരിയെന്ന് സി.പി.ഐ നേതാവ് ഡി. രാജ പ്രതികരിച്ചു.

പാർലമെന്റിലെ ചർച്ചയ്ക്കു ശേഷം പുറത്തിറങ്ങവെയായിരുന്നു മാധ്യമപ്രവർത്തകർ അയോധ്യ വിഷയത്തെക്കുറിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയോട് പ്രതികരണം ആരാഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മുഖ്യ പ്രചരണ വിഷയമായി അയോധ്യ വിഷയം മാറരുത് എന്നായിരുന്നു മറുപടി. കോടതിയുടെ പരിഗണനയിലുള്ള വിഷയമാണത്.

കർഷക പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, റാഫേൽ അടക്കമുള്ള അഴിമതികൾ തുടങ്ങിയ വിഷയങ്ങൾ മുഖ്യ തെരഞ്ഞെടുപ്പ് പ്രചരണ വിഷയങ്ങൾ ആകുമെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. ആദ്യമായാണ് അയോധ്യ വിഷയത്തിൽ രാഹുൽ ഗാന്ധി പ്രതികരിക്കുന്നത്. രാഹുലിന്റെ നിലപാട് ശരിയാണെന്നും കോടതിയുടെ പരിഗണനയിലുള്ള വിഷയം എങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കുക എന്നും സി.പി.ഐ നേതാവ് ഡി.രാജ ചോദിച്ചു. റഫാൽ അടക്കമുള്ള യഥാർത്ഥ വിഷയങ്ങളിൽ ബി.ജെ.പിയും ആർ.എസ്.എസും മൗനം പാലിക്കുകയാണെന്നും രാജ കൂട്ടിച്ചേർത്തു.