ഇന്ത്യയിലേക്ക് ടി20 പരമ്പരക്ക് വരുന്ന അതേ സമയത്താണ് ഇംഗ്ലണ്ട് പാക് പര്യേടനത്തിനും പദ്ധതിയിടുന്നത്. അങ്ങനെ സംഭവിച്ചാല്‍ രണ്ട് വ്യത്യസ്ത ടീമുകളെയാകും ഇംഗ്ലണ്ട് ഇരു രാജ്യങ്ങളിലേക്കും അയക്കുക…
കോവിഡിന് ശേഷമുള്ള ക്രിക്കറ്റ് എങ്ങനെയാകും എന്നതിന്റെ ചര്‍ച്ചകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അടക്കമുള്ള ലോകത്തെ വിവിധ ബോര്‍ഡുകളില്‍ ചര്‍ച്ചയാണ്. നഷ്ടമായ സമയം തിരിച്ചുപിടിക്കാന്‍ ഒരേസമയം ഏകദിനവും ടെസ്റ്റും കളിക്കാന്‍ പാകത്തിന് ടീമൊരുക്കാനുള്ള സാധ്യതയും ബി.സി.സി.ഐ പരിഗണിക്കുന്നുണ്ട്. ഇതിന്റെ പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായി ബി.സി.സി.ഐ വൃത്തങ്ങള്‍ അറിയിച്ചു.
ഇംഗ്ലണ്ടും ആസ്ട്രേലിയയും സമാനമായ രീതിയില്‍ ടെസ്റ്റിനും പരിമിത ഓവര്‍ മത്സരങ്ങള്‍ക്കും വ്യത്യസ്ത ടീമുകള്‍ ഒരുക്കാന്‍ സന്നദ്ധത അറിയിച്ചുകഴിഞ്ഞു. മാര്‍ച്ചിന് ശേഷം നഷ്ടമായ പരമ്പരകളില്‍ പരമാവധി തിരിച്ചുപിടിക്കുകയെന്നതും ലക്ഷ്യമാണ്. ആസ്ട്രേലിയയുടെ ബംഗ്ലാദേശ് പര്യേടനം അനിശ്ചിതകാലത്തേക്ക് നീട്ടിവെച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിന്റെ വെസ്റ്റിന്‍ഡീസിലേക്കും പാകിസ്താനിലേക്കുമുള്ള പരമ്പരകളും സമാന നിലയിലാണ്.
നഷ്ടപ്പെടുന്ന സമയവും പരമ്പരയും പരമാവധി തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തിലാണ് വിവിധ ഫോര്‍മാറ്റുകള്‍ക്ക് വ്യത്യസ്ഥ ടീമുകള്‍ അവതരിപ്പിക്കാന്‍ രാജ്യങ്ങള്‍ ഒരുങ്ങുന്നത്. ഒക്ടോബറില്‍ തുടങ്ങുന്ന അന്താരാഷ്ട്ര സീസണില്‍ എത്രത്തോളം മത്സരങ്ങള്‍ കളിക്കാനാകുമെന്ന് ഉറപ്പില്ലാതെ വന്നതോടെ ഇന്ത്യയും സമാനമായ വഴിയിലാണ്. ആസ്ട്രേലിയ നേരത്തെ തന്നെ ടെസ്റ്റിനും ഏകദിനത്തിനും വ്യത്യസ്ത ടീമുകളെ പരീക്ഷിച്ചിട്ടുണ്ട്.
ക്രിക്കറ്റ് പുനരാരംഭിക്കാന്‍ എല്ലാസാധ്യതകളും പരിഗണിക്കുന്നുവെന്നാണ് ബി.സി.സി.ഐയില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. കളിക്കാര്‍ ധാരാളമുള്ള ഇന്ത്യക്ക് വ്യത്യസ്ഥ ടീമുകളെ ഇറക്കുകയെന്നത് വലിയ വെല്ലുവിളിയാകില്ല. ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞുവെന്നും ബി.സി.സി.ഐ ഒഫീഷ്യലുകള്‍ അറിയിക്കുന്നുണ്ട്.
ഇന്ത്യയുടെ ശ്രീലങ്ക, സിംബാബ്വേ പര്യേടനങ്ങളോ ഏഷ്യ കപ്പോ വിചാരിച്ച സമയത്ത് നടക്കാനിടയില്ല. ഇതോടെ സെപ്തംബര്‍ വരെ ഇന്ത്യക്ക് ക്രിക്കറ്റ് മത്സരങ്ങളുണ്ടാവില്ലെന്ന നിലവരും. ഇന്ത്യയിലേക്ക് മൂന്ന് മത്സര ടി20 പരമ്പരക്ക് ഇംഗ്ലണ്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയത്തു തന്നെ പാകിസ്താന് പര്യേടനവും ഇംഗ്ലണ്ട് പദ്ധതിയിടുന്നുണ്ട്. അങ്ങനെ സംഭവിച്ചാല്‍ രണ്ട് വ്യത്യസ്ത ടീമുകളെയാകും ഇംഗ്ലണ്ട് ഇരു രാജ്യങ്ങളിലേക്കും അയക്കുക. സമാനമായ മാതൃകയാകും ഇന്ത്യയടക്കമുള്ള മറ്റു രാജ്യങ്ങളും പിന്തുടരുക.