മദ്യ വിതരണത്തിനുള്ള അനുമതി വാങ്ങുന്നതിനുള്ള പ്രാഥമികഘട്ടമെന്നോണം ഇന്റര്‍നാഷനല്‍ സ്പിരിറ്റ്സ് ആന്റ് വൈന്‍സ് അസോസിയേഷന് ഓഫ് ഇന്ത്യക്ക് കമ്പനി ശിപാര്‍ശ സമര്‍പ്പിച്ചു
ഭക്ഷണത്തിനും ഗ്രോസറിക്കും പുറമെ ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യാനും തയ്യാറെടുത്ത് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ.ലോക്ക്ഡൗണ്‍ കാലത്ത് മദ്യത്തിന്റെ ഡിമാന്‍ഡ് വര്‍ദ്ധിച്ചതും മദ്യശാലകള്‍ പൂട്ടിയതിനെത്തുടര്ന്നുമാണ് ഓണ്‍ലൈന്‍ മുഖേനെ മദ്യം വിതരണം ചെയ്യാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്.
മദ്യ വിതരണത്തിനുള്ള അനുമതി വാങ്ങുന്നതിനുള്ള പ്രാഥമികഘട്ടമെന്നോണം ഇന്റര്‍നാഷനല്‍ സ്പിരിറ്റ്സ് ആന്റ് വൈന്‍സ് അസോസിയേഷന് ഓഫ് ഇന്ത്യക്ക് കമ്പനി ശിപാര്‍ശ സമര്‍പ്പിച്ചു. ഹോം ഡെലിവറി വഴിയുള്ള മദ്യ വിതരണം നിയന്ത്രിതമായ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് സൊമാറ്റോ സി.ഇ.ഒ മോഹിത് ഗുപ്ത അസോസിയേഷന് സമര്‍പ്പിച്ച നിര്‍ദ്ദേശത്തില്‍ പറയുന്നു. കോവിഡ് വ്യാപനം കുറഞ്ഞ തോതിലുള്ള സ്ഥലത്താണ് സൊമാറ്റോ മദ്യം വിതരണത്തിന് തയ്യാറെടുക്കുന്നത്.
കോവിഡ് കാലത്ത് ഫുഡ് ഓണ്‍ലൈന്‍ ഡെലിവറിക്ക് കനത്ത തിരിച്ചടിയായിരുന്നു നേരിട്ടിരുന്നത്. ഈ സാഹചര്യത്തില്‍ തങ്ങളുടെ സേവനം ഗ്രോസറി ഡെലിവറിയിലേക്ക് കൂടി കമ്പനി വ്യാപിപ്പിച്ചിരുന്നു.
മാര്‍ച്ച് 25ന് രാജ്യവ്യാപകമായി അടച്ചിട്ട മദ്യശാലകള്‍ ഈ ആഴ്ച മുതല്‍ തുറക്കാന്‍ ചില സംസ്ഥാനങ്ങള്‍ നിലവില്‍ അനുമതി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച പലയിടങ്ങളിലും മദ്യശാലകള്‍ തുറന്നപ്പോള്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. കോടിക്കണക്കിന് രൂപയുടെ മദ്യമാണ് വിറ്റുപോയ്ക്കൊണ്ടിരിക്കുന്നത്. മുംബൈ പോലുള്ള സ്ഥലങ്ങളില്‍ തിരക്ക് മൂലം മദ്യശാലകള്‍ വീണ്ടും പൂട്ടി.