18 ദിവസം നീണ്ട ഫിറ്റനസ് ചലഞ്ച് എന്ന ക്യാമ്പെയ്ന് വഴിയാണ് ഇന്ത്യന്‍ വനിതാ ടീം തുക കണ്ടെത്തിയത്.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പോരാട്ടത്തിൽ സഹായവുമായ് ഇന്ത്യൻ വനിതാ ഹോക്കി ടീം. 20 ലക്ഷം രൂപയാണ് വനിതാ ഹോക്കി ടീം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായ് സംഭാവന ചെയ്തത്. ആകെ സമാഹരിച്ച തുകയായ 20, 01,130 രൂപ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ക്കിക്കുന്ന ഉദയ് ഫൗണ്ടേഷന് എന്ന എന്‍.ജി.ഒയ്ക്ക് ടീം കൈമാറി.
18 ദിവസം നീണ്ട ഫിറ്റനസ് ചലഞ്ച് എന്ന ക്യാമ്പെയ്ന് വഴിയാണ് ഇന്ത്യന്‍ വനിതാ ടീം തുക കണ്ടെത്തിയത്. ഓരോ ദിവസവും ടീമിലെ ഓരോ താരങ്ങള്‍ വീതം സോഷ്യല്‍ മീഡിയയില്‍ ഓരോ ഫിറ്റ്നസ് ചലഞ്ച് അവതരിപ്പിക്കും. തുടര്‍ന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലെ സുഹൃത്തുക്കളായ പത്തു പേരെ ഈ ചലഞ്ചിന് ക്ഷണിക്കുകയും ചെയ്യും. ചലഞ്ച് ഏറ്റെടുക്കുന്നതോടൊപ്പം ഓരോരുത്തരും 100 രൂപ വീതം ഫണ്ടിലേക്ക് സംഭാവന ചെയ്യുകയും വേണം.
കോവിഡ് മൂലം പ്രതിസന്ധിയിലായ വിവിധ സ്ഥലങ്ങളിലെ രോഗികള്‍, കുടിയേറ്റ തൊഴിലാളികള്‍, ചേരിനിവാസികള്‍ എന്നിവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്കായാണ് ഈ തുക വിനിയോഗിക്കുക. തങ്ങള്‍ മുന്നോട്ടുവെച്ച ആശയത്തിന് പിന്തുണ നല്കിയ എല്ലാവര്ക്കും നന്ദി അറിയിച്ചുകൊണ്ട് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ രംഗത്ത് വന്നു
‘വളരെ മികച്ച രീതിയിലുള്ള പ്രതികരണമാണ് ഞങ്ങൾക്ക് ലഭിച്ചത്. ലോകമെമ്പാടുമുള്ള ഇന്ത്യൻ ഹോക്കി പ്രേമികൾ ഈ ചാലഞ്ചിനെ ഏറ്റെടുക്കുകയും സംഭാവന നൽകുകയും ചെയ്തു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്നവരെ സഹായിക്കാന്‍ തുടങ്ങിയ ക്യാമ്പെയ്നെ പിന്തുണച്ച എല്ലാവരോടും ഇന്ത്യൻ വനിതാ ടീമിന്റെ പ്രതിനിധിയായ് നന്ദി പറയുന്നു,’ ഇന്ത്യൻ ക്യാപ്റ്റൻ റാണി രാംപാൽ പറഞ്ഞു