India National

എല്ലാ കുടിയേറ്റ തൊഴിലാളികളെയും മടക്കി അയക്കേണ്ട; സംസ്ഥാനങ്ങളോട് കേന്ദ്രം

ലോക്ഡൗണില്‍ കുടുങ്ങിയ എല്ലാ കുടിയേറ്റ തൊഴിലാളികളെയും നാട്ടിലേക്ക് മടക്കി അയക്കേണ്ടതില്ലെന്നാണ് സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ കുടുങ്ങികിടക്കുന്ന അതിഥി തൊഴിലാളികളെ സ്വദേശത്തേക്ക് തിരിച്ചെത്തിക്കുന്നതിനായി സംസ്ഥാന സർക്കാരുകൾ നടപടികൾ സ്വീകരിച്ചു വരുന്നതിനിടെ സംസ്ഥാനങ്ങള്‍ക്ക് തിരുത്തുമായ് കേന്ദ്രം. ലോക്ഡൗണില്‍ കുടുങ്ങിയ എല്ലാ കുടിയേറ്റ തൊഴിലാളികളെയും നാട്ടിലേക്ക് മടക്കി അയക്കേണ്ടതില്ലെന്നാണ് സംസ്ഥാനങ്ങള്‍ക്ക് ഇപ്പോള്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

വീടുകൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന തൊഴിലാളികളെ സ്വദേശത്തേക്ക് എത്തിക്കുന്നതിന് വേണ്ടിയല്ല ഇളവുകള്‍ നല്‍കിയതെന്നും മറ്റ് സ്ഥലങ്ങളിൽ കുടുങ്ങി മടങ്ങിപ്പോകാൻ സാധിക്കാത്തവരെ തിരികെയെത്തിക്കാനാണ് സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കേണ്ടതെന്നും കേന്ദ്രം കത്തിൽ നിർദേശിച്ചിട്ടുണ്ട്. തൊഴിലാളികളെ കയറ്റി അയക്കാന്‍ പല സംസ്ഥാനങ്ങളും ധൃതി കാണിക്കുന്ന പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശമെന്ന് കേന്ദ്രം അറിയിച്ചു.

ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കുടിയേറ്റതൊഴിലാളികളെ മടക്കി അയക്കുന്നതില്‍ കേന്ദ്രം ഇളവ് അനുവദിച്ചതിന് പിന്നാലെ പല സംസ്ഥാനങ്ങളില്‍ നിന്നായി തൊഴിലാളികള്‍ സ്പെഷ്യല്‍ ട്രെയിനുകളില്‍ യാത്രതിരിച്ചുകഴിഞ്ഞു. ഇതിനെത്തുടര്‍ന്ന് അതിഥി തൊഴിലാളികളെ തിരികെയെത്തിക്കുന്നതിനായ് പല സംസ്ഥാനങ്ങളും റെയിൽവേ മന്ത്രാലയത്തോട് ട്രെയിനുകൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തുന്നത്. പ്രതിരോധ സെക്രട്ടറി അജയ് ഭല്ലയാണ് കേന്ദ്ര നിര്‍ദ്ദേശത്തെക്കുറിച്ച് സംസ്ഥാനങ്ങളെ അറിയിച്ചത്.