India National

കോവിഡ് ആശങ്കയില്‍ വന്‍ നഗരങ്ങള്‍; മരണങ്ങളില്‍ 72 ശതമാനവും 20 ജില്ലകളില്‍ നിന്ന്

മുംബൈ, ഡല്‍ഹി, ചെന്നൈ, അഹ്മദാബാദ്, കൊല്‍ക്കത്ത, പൂനെ എന്നീ വന്‍ നഗരങ്ങളിലാണ് കോവിഡ് വ്യാപനവും മരണനിരക്കും കൂടുതലായി തന്നെ നില്‍ക്കുന്നത്…

രാജ്യത്തെ കോവിഡ് മരണങ്ങളില്‍ 72 ശതമാനവും 20 ജില്ലകളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. കോവിഡ് 19 രോഗം സ്ഥിരീകരിക്കുന്നതില്‍ 68 ശതമാനവും 20 ജില്ലകളില്‍ നിന്നാണെന്നും സംസ്ഥാന ചീഫ് സെക്രട്ടറിമാരുടെ യോഗത്തിനിടെ കാബിനറ്റ് സെക്രട്ടറി അറിയിച്ചു. രാജ്യത്തെ വന്‍ നഗരങ്ങളായ മുംബൈ, ഡല്‍ഹി, ചെന്നൈ, അഹ്മദാബാദ്, പൂനെ എന്നിവ ഇക്കൂട്ടത്തിലുണ്ടെന്നത് ജാഗ്രത വര്‍ധിപ്പിക്കുന്നു.

2011ലെ സെന്‍സസ് അനുസരിച്ച് ഈ 20 ജില്ലകളിലായി 10 കോടി ജനങ്ങളാണുള്ളത്. ഇവിടങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാനായി പ്രത്യേകം മെഡിക്കല്‍ സംഘങ്ങളെ സംസ്ഥാനങ്ങളുടെ സഹാത്തിനായ അയച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ എട്ട് ജില്ലകളില്‍ പത്ത് ദിവസംകൊണ്ടാണ് കോവിഡ് കേസുകള്‍ ഇരട്ടിക്കുന്നത്. മുംബൈ, അഹ്മദാബാദ്, ചെന്നൈ, സെന്‍ട്രല്‍ ഡല്‍ഹി, കൊല്‍ക്കത്ത, നോര്‍ത്ത് ഡല്‍ഹി, കാണ്‍പുര്‍ നഗര്‍, കൃഷ്ണ എന്നിവയാണ് ആ ജില്ലകള്‍.

രാജ്യത്തെ ശരാശരി കോവിഡ് മരണനിരക്കിനേക്കാള്‍(3.2) കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന ഏഴ് ജില്ലകളാണുള്ളത്. മുംബൈ, പൂനെ, ഹൈദരാബാദ്, അഹ്മദാബാദ്, ഇന്‍ഡോര്‍, സൂറത്ത്, സെന്‍ട്രല്‍ ഡല്‍ഹി, കൃഷ്ണ എന്നീ ജില്ലകളിലാണ് കോവിഡ് സ്ഥിരീകരിക്കുന്നവര്‍ മരിക്കുന്നതിലെ നിരക്ക് കൂടുതലുള്ളത്.

കോവിഡ് പരിശോധന നടത്തുമ്പോള്‍ പോസിറ്റീവ് ഫലം ലഭിക്കുന്നതില്‍ ദേശീയ ശരാശിയേക്കാള്‍(4.4%) കൂടുതലുള്ള ഒമ്പത് ജില്ലകളാണുള്ളത്. മുംബൈ, അഹ്മദാബാദ്, ഇന്‍ഡോര്‍, താനെ, ആഗ്ര, കുര്‍ണൂല്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് കൂടുതല്‍ കോവിഡ് രോഗം സ്ഥിരീകരിക്കപ്പെടുന്നത്. കോവിഡ് മരണങ്ങള്‍ അതിവേഗത്തില്‍ നടക്കുന്ന 20 ജില്ലകളില്‍ ഒമ്പതെണ്ണം ആവശ്യമായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ബുദ്ധിമുട്ടുകയാണ്.

രാജ്യം ഇന്നു മുതല്‍ മൂന്നാം ഘട്ട ലോക്ഡൗണിലേക്ക് കടക്കുമ്പോള്‍ 130 ജില്ലകളാണ് റെഡ് സോണിലുള്ളത് 284 ജില്ലകള്‍ ഓറഞ്ച് സോണിലും 319 എണ്ണം ഗ്രീന്‍ സോണിലുമാണ്. ജില്ലകളുടെ എണ്ണം കുറവാണെങ്കിലും റെഡ് സോണിലുള്ള ജില്ലകളിലാണ് രാജ്യത്തെ ജനസംഖ്യയുടെ 33ശതമാനവുമുള്ളത്. ഓറഞ്ച് സോണിലാകട്ടെ 43 ശതമാനവും ജനങ്ങളുണ്ട്. ഗ്രീന്‍ സോണിലുള്ള 319 ജില്ലകളില്‍ ആകെ നാലിലൊന്ന് ജനസംഖ്യ മാത്രമാണുള്ളത്.