Entertainment Movies

ലാലേട്ടാ?! ഒരിത്തിരി വകതിരിവ് ആയിക്കൂടെ?

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനത കര്‍ഫ്യൂവ് ആചരിക്കുകയാണ് രാജ്യം. വാഹനങ്ങളൊന്നും ഓടുന്നില്ല, കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. കര്‍ഫ്യൂവിന്റെ ഭാഗമായി വൈകീട്ട് അഞ്ചു മണിക്ക് രോഗഭീഷണി വകവെയ്ക്കാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ജനങ്ങള്‍ നന്ദി അര്‍പ്പിക്കണമെന്നും ഇതിനായി അഞ്ചുമിനിറ്റ് നേരം എല്ലാവരും വീടിന്റെ ബാല്‍ക്കണയിലോ ജനലിലോ വിന്ന് കയ്യടിച്ചോ പാത്രം കൂട്ടിമുട്ടിയോ ശബ്ദമുണ്ടാക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്തുണയുമായി മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. ”ഇന്ന് 5 മണിക്ക് നമ്മള്‍ എല്ലാവരും ക്ലാപ്പടിക്കുന്നത് വലിയ പ്രോസസ് ആണ്. ആ ശബ്ദം എന്ന് പറയുന്നത് വലിയ ഒരു മന്ത്രം പോലെയാണ്. അതില്‍ ഒരുപാട് ബാക്ടീരിയയും വൈറസും നശിച്ചു പോകാന്‍ സാധ്യതയുണ്ട്.”- എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. ലാലിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ വിമര്‍ശമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്. അഡ്വ. രശ്മിത രാമചന്ദ്രനെഴുതിയ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ വൈറലാണ്.മലയാളിയുടെ ക്ഷമയുടെ നെല്ലിപ്പലക കണ്ടേ അടങ്ങൂ എന്ന വാശിയിലാണ് ലാലേട്ടനെന്നാണ് രശ്മിത പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

”വി” ചാനലിൽ “നാടോടിക്കാറ്റ് ” സിനിമ കാണുകയായിരുന്നു, എത്ര മനോഹരമായാണ് ഓരോ ഫ്രെയിമിലും മോഹൻലാൽ നിറഞ്ഞു നിൽക്കുന്നത്- അഭിനയമല്ല, ബിഹേവിംഗ് തന്നെ. ഇതേ മോഹൻ ലാൽ തന്നെയാണ് അടുത്ത കാലത്ത് സിനിമയിലും സാമൂഹിക ജീവിതത്തിലും ഒരേ പോലെ നിരാശപ്പെടുത്തിക്കൊണ്ടുമിരിയ്ക്കുന്നത് എന്നോർത്ത് അത്ഭുതം തോന്നുന്നു. “ഇട്ടി മാണി ” “നീരാളി ” എന്നീ ചിത്രങ്ങൾ ഒക്കെ മലയാളി ക്ഷമിച്ചത് ” കിരീടവും” ” മിഥുനവും ” ” തൂവാനത്തുമ്പികളും” ഒക്കെ ഓർമ്മയിലുള്ളതുകൊണ്ട് തന്നെയാണ്. എന്നിട്ടും മലയാളിയുടെ ക്ഷമയുടെ നെല്ലിപ്പലക കണ്ടേ അടങ്ങൂ എന്ന വാശിയിലാണ് ലാലേട്ടൻ. താൻ കൃത്യമായി പ്രതികരിക്കേണ്ടുന്ന “അമ്മ” സംഘടനാ വിഷയങ്ങളിൽ വായടച്ചിരുന്ന് മാഞ്ഞാണം തിരിഞ്ഞും തനിക്കു തീർത്തും ബോധവും അറിവുമില്ലാത്ത നോട്ടു നിരോധനം മുതൽ കൊറോണ വരെയുള്ള വിഷയങ്ങളിൽ അശാസ്ത്രീയവും അപക്വവുമായ അബദ്ധജടില അഭിപ്രായങ്ങൾ പറഞ്ഞും ആ മനുഷ്യൻ സമൂഹത്തിനെതിരെ മന: പൂർവ്വമല്ലാത്ത ശത്രുതാ നിലപാടെടുത്തതുപോലെയുണ്ട്! എന്താണിത് ലാലേട്ടാ?! ഒരിത്തിരി വകതിരിവ് ആയിക്കൂടെ? ഒന്നുമില്ലെങ്കിലും ഞങ്ങളീ ദരിദ്രരായ മലയാളികൾ സിനിമ ടിക്കറ്റിന് ചിലവഴിച്ച കാശു കൊണ്ട് ഞങ്ങൾ സ്വപ്നം പോലും കാണാത്ത ആർഭാട ജീവിതം അനുഭവിക്കുന്ന ആളല്ലേ നിങ്ങൾ ! നന്ദി വേണ്ട, മറിച്ച് അന്ധമായ വർത്തമാനങ്ങൾ പടർത്തി ജനജീവിതം കുട്ടിച്ചോറാക്കാതിരുന്നു കൂടെ? പകരം, കൂടുതൽ നല്ല സിനിമകൾ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചു കൂടെ?

# ജനതാ കർഫ്യൂവിനോടൊപ്പം.