India International

മുന്നൂറോളം പേര്‍ മൂന്ന് ദിവസമായി മലേഷ്യയിലെ വിമാനത്താവളത്തില്‍

മലേഷ്യയില്‍ നിന്നും നാട്ടിലേക്ക് മടങ്ങാനായി കോലാലംപൂര്‍ വിമാനത്താവളത്തിലെത്തിയ ഇന്ത്യാക്കാരുടെ ദുരിതം തുടരുന്നു. വൈകീട്ട് 5 മണിക്കുള്ളില്‍ ഇന്ത്യയിലേക്ക് മടങ്ങാനായില്ലെങ്കില്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് പോകണമെന്ന് വിമാനത്താവള അധികൃതര്‍ ഇവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. മൂന്ന് ദിവസമായി ഇവര്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണ്.

മലേഷ്യയില്‍ നിന്ന് രാജ്യത്തേക്കുള്ള യാത്രയ്ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതോടെയാണ് മൂന്ന് ദിവസമായി സ്ത്രീകളും കുട്ടികളുമടക്കം മൂന്നൂറോളം ഇന്ത്യക്കാര്‍ കോലാലംപൂര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. ഇവരെ ഇന്ത്യയിലേക്ക് എത്തിക്കാന്‍ വിമാന കമ്പനികള്‍ തയ്യാറായിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. ഇന്ത്യയുടെ അനുമതി ഇതുവരെ ലഭിക്കാത്ത സാഹചര്യത്തില്‍ അനിശ്ചിതമായി വിമാനത്താവളത്തില്‍ തുടരാന്‍ അനുവദിക്കില്ലെന്ന് മലേഷ്യന്‍ അധികൃതര്‍ യാത്രക്കാരെ അറിയിച്ചു. ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്ന് യാതൊരു സഹായവും കിട്ടിയില്ലെന്നും കുടുങ്ങി കിടക്കുന്നവര്‍ പരാതിപ്പെട്ടു.

അതിനിടെ ഇറ്റലിയിലെ റോമില്‍ കുടുങ്ങി കിടക്കുന്നവരില്‍ കോവിഡ് 19 ബാധിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തിയവരെ നാളെ ഇന്ത്യയിലെത്തിക്കും.