കോവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി പള്ളികളില്‍ ഒരുമിച്ചു കൂടിയുള്ള അഞ്ചു നേരത്തെ ജമാഅത്ത് നമസ്കാരങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍. ഫേസ്ബുക്ക് പേജിലൂടെയാണ് ജാഫര്‍ മാലിക് ഐ.എ.എസ് ഇക്കാര്യം അറിയിച്ചത്.
മലപ്പുറം ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കൊറോണ വൈറസിന്റ വ്യാപനം തടയാനുള്ള യജ്ഞത്തിൽ എല്ലാവരും പങ്കാളികളാവുക.
ദിവസം അഞ്ചു നേരമുള്ള ഇമാമിനെ പിന്തുടർന്നുള്ള ഒരുമിച്ചുള്ള നമസ്കാരം ഒരറിയിപ്പുണ്ടാകുന്നത് വരെ എല്ലാ പള്ളികളിലും ഒഴിവാക്കാൻ ശ്രദ്ധിച്ചാൽ നന്നായിരുന്നു. വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരം പറ്റുമെങ്കിൽ ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പല പള്ളികളിലും സ്വമേധയാ തന്നെ അത്തരമൊരു തീരുമാനം എടുത്തിട്ടുണ്ട് എന്ന് അറിയുന്നതിൽ സന്തോഷമുണ്ട്. ഒരു കാരണവശാലും നാൽപത് ആളുകളിൽ കൂടുതൽ ജുമുഅയിൽ ഒത്തുകൂടാതിരിക്കാൻ ജുമുഅ നടത്തിയേ തീരൂ എന്ന് നിർബന്ധമുള്ളവർ പ്രത്യേകം ശ്രദ്ധിക്കണം. പള്ളികളിലെ ഹൗളുകൾ (എല്ലാവരും അംഗശുദ്ധി വരുത്തുന്ന ഓപ്പൺ ടാങ്ക്) ഒരു കാരണവശാലും രണ്ടു മാസത്തേക്ക് ഉപയോഗിക്കാതിരിക്കാൻ ജാഗ്രത കാണിക്കണം. വിദേശ രാജ്യങ്ങളിൽ നിന്നോ മറ്റിതര സ്ഥലങ്ങളിൽ നിന്നോ നാട്ടിൽ തിരിച്ചെത്തിയിട്ടുള്ളവരും പ്രായമായവരും കുട്ടികളും പനി, ചുമ, ജലദോശം, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങളുള്ളവരും ഹൃദ്രോഗികൾ, കിഡ്നി രോഗികൾ, ആസ്മ തുടങ്ങിയ രോഗമുള്ളവരും പുറത്തിറങ്ങി ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെടുന്നതും ആരാധനാലയങ്ങളിൽ എത്തുന്നതും നിർബന്ധമായും ഒഴിവാക്കുക.
നിങ്ങളുടെ ഓരോരുത്തരുടേയും ആരോഗ്യ സുരക്ഷ മുൻനിർത്തി മാത്രമാണ് ഈ നിർദ്ദേശങ്ങൾ. ആരെയും പ്രയാസപ്പെടുത്താനോ ബുദ്ധിമുട്ടിക്കാനോ അല്ല. ഒരു മഹാമാരിയെ തടുത്ത് നിർത്തി ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാൻ സർക്കാർ ഉണർന്ന് പ്രവർത്തിക്കുമ്പോൾ അതിനോട് എല്ലാവരും സഹകരിക്കുക. ജാഗരൂകരാവുക, കൊറോണയെ പ്രതിരോധിക്കുക.
വിശ്വാസപൂർവ്വം
ജാഫർ മലിക്
ജില്ലാ കളക്ടർ, മലപ്പുറം