India Kerala

സ്റ്റെെപ്പന്റ് ഇല്ല

ഫെബ്രുവരി മാസത്തെ സ്റ്റൈപ്പന്‍റ് ലഭിക്കാതായതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ റെസിഡന്‍റ് ഡോക്ടര്‍മാര്‍ പ്രക്ഷോഭത്തിലേക്ക്. കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കാണ് സ്റ്റൈപ്പന്‍റ് ലഭിക്കാത്തത്. ഫണ്ട് ലഭ്യമല്ലാത്തതിനാല്‍ സ്റ്റൈപ്പന്‍റ് നല്‍കാന്‍ പ്രയാസം നേരിടുന്നതായാണ് സര്‍ക്കാര്‍ വിശദീകരണം.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം അഞ്ഞൂറിലധികം ജൂനിയര്‍ റസിഡന്‍റ് ഡോക്ടര്‍മാരുണ്ട്. ഇവര്‍ക്കാര്‍ക്കും കഴിഞ്ഞ മാസത്തെ സ്റ്റൈപ്പന്‍റ് ഇതു വരെ ലഭിച്ചിട്ടില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും സമാന സ്ഥിതിയാണ്. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായ പ്രവര്‍ത്തനങ്ങളിലാണ് ഈ ഡോക്ടര്‍മാരെല്ലാം. സ്റ്റൈപ്പന്‍റ് ലഭിക്കാത്തത് ഡോക്ടര്‍മാരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു.

സ്റ്റൈപ്പന്‍റ് നല്‍കാനാവശ്യമായ ഫണ്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഈ പണം എന്ന് നല്‍കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ ഒരുറപ്പും നല്‍കുന്നുമില്ല. ഇതോടെയാണ് പി.ജി അസോസിയേഷന്‍റെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഘട്ടമായി പ്രിന്‍സിപ്പല്‍ ഓഫീസിലേക്ക് മാര്‌ച്ച് സംഘടിപ്പിക്കും. അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ ശക്തമായ സമരത്തിലേക്ക് കടക്കാനാണ് തീരുമാനം.