അമൃത്സര്‍: അടുത്തിടെ കൊറോണ ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ച് പഞ്ചാബില്‍ തിരിച്ചെത്തിയ 335 പേരെ ഇനിയും കണ്ടെത്താനായില്ല. ഇവരെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പഞ്ചാബ് ആരോഗ്യവകുപ്പ് ശനിയാഴ്ച അറിയിച്ചു.
വൈറസ് ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ച് 6692 പേരാണ് ഇതുവരെ പഞ്ചാബില്‍ തിരിച്ചെത്തിയത്. വെള്ളിയാഴ്ച വരയുള്ള കണക്കുപ്രകാരം ഇവരില്‍ 6011 പേരെ ആരോഗ്യവകുപ്പ് കണ്ടെത്തി. 353 യാത്രക്കാരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്, ഇവ ശേഖരിച്ച് വരുകയാണ്. എന്നാല്‍ 335 യാത്രക്കാരെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പഞ്ചാബ് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
അമൃത്സര്‍ വിമാനത്താവളം വഴിയെത്തിയ 58,494 യാത്രരെ ഇതുവരെ പരിശോധിച്ചു. ഇതില്‍ രോഗലക്ഷണങ്ങള്‍ സംശയിക്കുന്ന ഏഴ് പേരെ തിരിച്ചറിഞ്ഞു. മൊഹാലി വിമാനത്താവളം വഴിയെത്തിയ 6447 പേരെയും അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴിയെത്തിയ 23,268 പേരെയും വെള്ളിയാഴ്ച വരെ പരിശോധിച്ചു. ഇതില്‍ ഒരാള്‍ക്ക് മാത്രമാണ് രോഗലക്ഷണമുള്ളതെന്നും പഞ്ചാബ് ആരോഗ്യവകുപ്പ് അറിയിച്ചു.
ശനിയാഴ്ച വരെയുള്ള കണക്ക് പ്രകാരം ഒരാള്‍ക്കാണ് ഇതുവരെ പഞ്ചാബില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇറ്റലിയില്‍നിന്ന് മടങ്ങിയെത്തിയ ആളാണ് ഇദ്ദേഹം. അമൃത്സര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്ന രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച മടങ്ങിയെത്തിയ ഏഴ് പേരെ കഴിഞ്ഞ ദിവസം ലുധിയാനയില്‍ കാണാതായിരുന്നു. ആരോഗ്യവകുപ്പിന് ഇവരെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ തിരച്ചില്‍ പോലീസ് ഏറ്റെടുത്തിരുന്നു.
കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 31 വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പരീക്ഷകള്‍ നിശ്ചയിച്ച പ്രകാരം നടക്കും.