India National

18 അന്താരാഷ്ട്ര ചെക്ക്പോസ്റ്റുകൾ അടച്ചു; രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

ഇന്ത്യയിൽ കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം 83 ആയി. അതീവ ജാഗ്രത നിർദേശമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകിയിരിക്കുന്നത്. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാജ്യത്തെ 18 അന്താരാഷ്ട്ര ചെക്ക്പോസ്റ്റുകൾ അടച്ചു.

ഡൽഹി ജനക്പുരി സ്വദേശിയായ 68 കാരി കൂടി കോവിഡ് 19 രോഗം ബാധിച്ച് ഇന്നലെ മരിച്ചതോടെ കർശന ജാഗ്രത നിർദ്ദേശമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നൽകിയിരിക്കുന്നത്. ഡൽഹി, ഉത്തർ പ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന അഞ്ച് പേർ ഓടിപ്പോയി. ഇതിൽ ഒരാളുടെ ഫലം നെഗറ്റീവാണ് നാല് പേരുടെ ഫലം വരാനുണ്ട്.

ഹിമാചൽ പ്രദേശിലെയും രാജസ്ഥാനിലെയുംഎല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച് 31 വരെ അവധി പ്രഖ്യാപിച്ചു. ബംഗളൂരുവിലെ എല്ലാ മാളുകളും ഒരാഴ്ചത്തേയ്ക്ക് അടച്ചിടാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാർക്ക് രാജ്യങ്ങളുമായി ഒന്നിച്ചുള്ള പ്രധാനമന്ത്രിയുടെ പദ്ധതി ആഹ്വാനത്തിന് പാകിസ്താൻ താല്‍പര്യം അറിയിച്ചു. അമേരിക്കയിലേക്കുള്ള എല്ലാ വിസാ നടപടികളും ഇന്ത്യൻ എംബസി താല്‍ക്കാലികമായി നിർത്തി വെച്ചു. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഡൽഹി തീഹാർ ജയിലിൽ ഐസോലേഷൻ വാർഡ് ആരംഭിച്ചു. ഇതു വരെ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.