സൌജന്യമായി നല്‍കേണ്ട ചാനലുകള്‍ നിയമവിരുദ്ധമായി പ്രേക്ഷകര്‍ക്ക് തടഞ്ഞ കേബിള്‍ ടി.വി നെറ്റ്വര്ക്കിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ട്രായ് അറിയിച്ചു. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടിട്ടും സൌജന്യ ചാനലുകള്‍ തടഞ്ഞ സേവന ദാതാവിനാണ് നോട്ടീസ് നല്‍കിയത്.
സേവന ദാതാക്കള്‍ നിശ്ചയിക്കുന്ന ഒരു കൂട്ടം ചാനലുകളുടെ പാക്കേജ് ഉപഭോക്താക്കളുടെ മേല്‍ അടിച്ചേല്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ട്രായ് അറിയിച്ചു. സൌജന്യമായി എയര്‍ ചെയ്യുന്ന നൂറ് ചാനലുകള്‍ പ്രതിമാസം 130 രൂപക്ക് ഉപഭോക്താവിന് നല്‍കണമെന്നാണ് ടെലകോം റെഗുലേറ്ററി അതോറിറ്റിയുടെ നിര്‍ദേശം.
ഇതില്‍ 26 ദൂരദര്ശന് ചാനലുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കി 74 ഉം ഉപഭോക്താവിന് യഥേഷ്ടം തെരഞ്ഞെടുക്കാം. എന്നാല്‍ ചില സേവന ദാതാക്കള്‍ ചാനലുകള്‍ തെരഞ്ഞെടുക്കാനുള്ള ഉപഭോക്താക്കളുടെ അവകാശം നിഷേധിക്കുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിലാണ് ട്രായിയുടെ അറിയിപ്പ്. ചാനലുകള്‍ തെരഞ്ഞെടുക്കാനുള്ള പൂര്‍ണ അവകാശം ഉപഭോക്താവിനാണെന്ന് ട്രായ് ആവര്‍ത്തിച്ചു.
ചില സേവന ദാതാക്കള്‍ പ്രത്യേക ചാനലുകള്‍ അടങ്ങിയ പാക്കേജുകള്‍ സ്വീകരിക്കാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കുന്നുണ്ട്. ഇത് നിയമവിരുദ്ധമാണ്. ഡി.റ്റി.എച്ച്- കേബിള്‍ സര്‍വീസുകാര്‍ ഇത്തരത്തില്‍ നിര്‍ബന്ധിച്ചാല്‍ ട്രായ് കോള്‍ സെന്ററിലോ ട്രായിയുടെ ഇ മെയില്‍ വിലാസത്തലോ പരാതി നല്‍കാം.
തെരഞ്ഞെടുത്ത ചാനലുകളില്‍ മാറ്റം വരുത്താന്‍ ഒരു മാസത്തിന് ശേഷം ഉപഭോക്താവിന് അവസരമുണ്ടാകും. വെബ്സൈറ്റുകള്‍ വഴിയും മൊബൈല്‍ ആപ്പ് വഴിയും ചാനലുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിച്ച ഉപഭോക്താക്കളില്‍ പലര്‍ക്കും അതിന് സാധിച്ചിട്ടില്ല. സാങ്കേതിക തകരാര്‍ മൂലമല്ലാതെ ഉപഭോക്താക്കളുടെ അവകാശം തടയപ്പെടുന്ന സാഹചര്യം അനുവദിക്കില്ല.
നിശ്ചിത കാലത്തേക്കുള്ള പ്രീപെയ്ഡ് സര്‍വീസുകള്‍ ഉപഭോക്താക്കള്‍ക്ക് അതുപോലെ തുടരാവുന്നതാണ്. നിയമവിരുദ്ധമായി ചാനലുകളുടെ വിതരണം തടഞ്ഞ ഒരു സേവന ദാതാവിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും ട്രായ് അറിയിച്ചു. നിയമവിരുദ്ധമായി സൌജന്യ ചാനലുകള്‍ തടഞ്ഞ ഒരു സേവന ദാതാവിന്റെ ഓഫീസുകള്‍ കഴിഞ്ഞ ദിവസം പ്രാദേശിക കേബിള്‍ ഓപറേറ്റര്‍മാര്‍ ഉപരോധിച്ചിരുന്നു.