ടി.പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി പി.കെ കുഞ്ഞനന്ദന് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് മൂന്ന് മാസത്തേക്ക് ജാമ്യം അനുവദിച്ചു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജീവപര്യന്തം ശിക്ഷിച്ച കുഞ്ഞനന്തന് ജാമ്യം അനുവദിച്ചത്.
ടി.പി ചന്ദ്രശേഖരന് വധക്കേസിലെ തടവു ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നേതാവായ പി.കെ കുഞ്ഞനന്തന് സമര്‍പ്പിച്ച അപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവ്. രണ്ടാഴ്ച കൂടുമ്പോള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്നും കോടതി നിര്‍ദ്ദേശമുണ്ട്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുഞ്ഞനന്തന് കോടതിയെ സമീപിച്ചത്. ജയിലിലെ ചികിത്സ ഇപ്പോഴത്തെ സാഹചര്യത്തിൽ ഫലപ്രദം അല്ലെന്ന ഹരജിക്കാരന്റെ വാദത്തെ തുടര്‍ന്ന് കോടതി മെഡിക്കല്‍ ബോര്‍ഡിനോട് വിശദീകരണം തേടിയിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് മെഡിക്കൽ ബോര്‍ഡും കോടതിയെ അറിയിച്ചു.
തുടര്‍ന്നാണ് മൂന്ന് മാസത്തേക്ക് ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിചാരണക്കോടതി ടി.പി വധക്കേസിൽ ജീവപര്യന്തം തടവിനും പിഴയ്ടക്കാനുമാണ് ശിക്ഷിച്ചത്. ശിക്ഷ അനുഭവിക്കുന്നതിനിടെ കുഞ്ഞനന്തന് ശസ്ത്രക്രിയ വേണ്ടി വന്നു. നട്ടെല്ലിൽ കഴുത്തിനോടു ചേർന്ന ഭാഗത്തെ ഡിസ്കിന് തേയ്മാനം ഉണ്ടെന്ന് 72കാരനായ കുഞ്ഞനന്തന് കോടതിയെ അറിയിച്ചിരുന്നു. തടവുപുള്ളിയായതിനാൽ മതിയായ ചികിത്സ ലഭ്യമാകുന്നില്ല. ഏഴ വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിച്ചു കഴിഞ്ഞു. ഇനി ജുഡീഷ്യൽ കസ്റ്റഡിയിൽ ആവശ്യമില്ലാത്ത സാഹചര്യത്തിൽ ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നായിരുന്നു കുഞ്ഞനന്തന്റെ ആവശ്യം.