താമരശേരി ആലപ്പടിമ്മല്‍ അബ്ദുള്‍ റഹീമിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഷമീറിനെയാണ് കോഴിക്കോട് മാറാട് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. മൂന്ന് ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവ്
കോഴിക്കോട് താമരശേരിയില്‍ യുവാവിനെ സോഡാക്കുപ്പികൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. താമരശേരി ആലപ്പടിമ്മല്‍ അബ്ദുള്‍ റഹീമിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ഷമീറിനെയാണ് കോഴിക്കോട് മാറാട് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. മൂന്ന് ലക്ഷം രൂപ പിഴയടക്കാനും കോടതി ഉത്തരവിട്ടു.
2015 മാര്‍ച്ച് മൂന്നിന് വൈകിട്ടാണ് റേഷന്‍കട വ്യാപാരിയായ റഹീമിനെ അയല്‍വാസിയായ ഷമീര്‍ സോഡാകുപ്പി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. കുടുക്കിലുമ്മാരം അങ്ങാടിയിലായിരുന്നു സംഭവം. പ്രദേശത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന സ്ത്രീകളെ ശല്യപ്പെടുത്തിയ ഷമീറും ഫ്ലാറ്റുടമയും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രശ്നത്തില്‍ ഇടപെട്ട അബ്ദുള്‍ റഹീം ഇരുവരേയും പിന്തിരിപ്പിച്ചു. ഇതിനു പിന്നാലെ റഹീമിനെ ഷമീര്‍ സോഡാക്കുപ്പി ഉപയോഗിച്ച് കുത്തി. ഇടതു കൈയ്യിന്‍റെ താഴെ ആഴത്തില്‍ കുത്തേറ്റ റഹീമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു.
താമരശേരി സി.ഐ ആയിരുന്ന എം.ഡി സുനിലാണ് കേസ് അന്വേഷിച്ചത്. അഞ്ച് വര്‍ഷം നീണ്ട വിചാരണക്കൊടുവില്‍ കോടതി ഷമീറിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ജീവപര്യന്തം തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ജോജു സ്കറിയയാണ് ഹാജരായത്.