രാജ്യത്ത് കോവിഡ് 19 വൈറസ് പടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇറ്റാലിയന്‍ സര്‍ക്കാറിന്റെ തീരുമാനം…
കോവിഡ് 19 പശ്ചാത്തലത്തില്‍ സീരി എ ഫുട്ബോള്‍ ലീഗ് അടക്കം രാജ്യത്തെ എല്ലാ കായിക മത്സരങ്ങളും ഇറ്റലി നിര്‍ത്തിവെച്ചു. കോവിഡ് 19 പടരുന്നത് തടയുന്നതിന്റെ ഭാഗമായി പൊതുപരിപാടികള്‍ റദ്ദാക്കിയതിന്റെ ഭാഗമായാണ് നടപടി. ഇറ്റാലിയന്‍ പ്രധാനമന്ത്രി ഗ്വിസപ്പെ കോണ്ടെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ഇറ്റലിയില്‍ 9100ലേറെ പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. 463 മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതോടെയാണ് കര്ശനനപടിക്ക് സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. നേരത്തെ അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താനായിരുന്നു സീരി എ അധികൃതരുടെ നീക്കം. നിരവധി മത്സരങ്ങള്‍ കാണികളില്ലാതെ നടത്തുകയും ചെയ്തു. എന്നാല്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തുടര്‍ന്നതോടെ മത്സരങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ഗ്വിസപ്പെ കോണ്ടെ നിര്‍ദേശിക്കുകയായിരുന്നു.
സീരി എ ചാമ്പ്യന്മാരായ യുവന്റസ് മാര്‍ച്ച് 17ന് ചാമ്പ്യന്‍സ് ലീഗില്‍ ലിയോണിനെ നേരിടാനിരിക്കയാണ്. ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം ഒഴിഞ്ഞ വേദികളില്‍ നടക്കുമെന്നാണ് സൂചന. ഈ വര്‍ഷം നടക്കുന്ന യൂറോ കപ്പ് മത്സരങ്ങള്‍ക്കും ഒളിംപിക്സിനും കോവിഡ് 19 ഭീഷണി ഉയര്‍ത്തുന്നുണ്ട്.