International

കോവിഡ് 19 ഭീതിയിൽ ഗൾഫ്; കുവൈത്തിൽ വിസാ സേവനം നിർത്തി

ഗൾഫ് രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. ഈ സാഹചര്യത്തിൽ യാത്രാവിലക്ക് ഉൾപ്പെടെയുള്ള നിയന്ത്രണ നടപടികൾ കൂടുതൽ നീണ്ടേക്കും. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കുവൈത്ത് വിസാ നടപടികൾ പൂർണമായും നിർത്തിവെച്ചു.

ഇന്നലെ മാത്രം വിവിധ ഗൾഫ് രാജ്യങ്ങളിലായി 48 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. സൗദി അറേബ്യയിൽ 5 പേർക്ക് കൂടി രോഗം പിടിപെട്ടതായി അധികൃതർ ഇന്ന് വെളിപ്പെടുത്തി. ഇതോടെ സൗദിയിൽ മൊത്തം രോഗബാധിതരുടെ എണ്ണം ഇരുപതായി. സൗദി കിഴക്കൻ പ്രവിശ്യയിൽ നിന്നാണ് നാല് കേസുകൾ റിപ്പോർട്ട് ചെയ്തത്. മറ്റു ഗൾഫ് രാജ്യങ്ങളിലും ആയിരങ്ങൾ നിരീക്ഷണത്തിലാണ്.

എല്ലാ വിധ പ്രവേശന വിസകളും നിർത്തി വെക്കാൻ കുവൈത്ത് മന്ത്രിസഭാ യോഗം ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി. തൊഴിൽ വിസ , ടൂറിസ്റ്റ് വിസ , ഓൺ അറൈവൽ വിസ എന്നിവക്കെല്ലാം നിയന്ത്രണം ബാധകമായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അവധി മാർച്ച് 26 വരെ നീട്ടാനും കുവൈത്ത് തീരുമാനിച്ചു. ബഹ്റൈനിലെ തങ്ങളുടെ എല്ലാ പൗരൻമാരെയും മൂന്നു ദിവസത്തിനുള്ളിൽ മാറ്റാൻ സൗദി അറേബ്യ തീരുമാനിച്ചു. രോഗം പടരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം.

ഖത്തറിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നുമുതൽ അടച്ചിടാനാണ് തീരുമാനം. എന്നാൽ സി.ബി.എസ്.ഇ പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. എണ്ണ വിപണിയിൽ സംഭവിച്ച വൻ ഇടിവിന്റെ ആഘാതത്തിലാണ് ഗൾഫ് രാജ്യങ്ങൾ. ഓഹരി വിപണിയിലും തകർച്ച തുടരുകയാണ്. ഗൾഫിന്റെ സമ്പദ് ഘടനക്കേറ്റ തിരിച്ചടി മറികടക്കാൻ കടുത്ത നടപടികൾ സ്വീകരിക്കാൻ രാജ്യങ്ങൾ നിർബന്ധിതമാകും.