കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. വേങ്ങേരിയിലെ ഒരു വീട്ടിലെ നഴ്സറിയിലും കൊടിയത്തൂരിലെ ഫാമുകളിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത് . വെസ്റ്റ് കൊടിയത്തൂരിലെ ഫാമിൽ ആയിരത്തിലധികം കോഴികൾ ചത്തു. ഇരു പ്രദേശത്തെയും ഒരു കിലോമീറ്റർ ചുറ്റളവ് നിരീക്ഷണത്തിലാണ്. ആളുകളിലേക്ക് പടർന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
സ്ഥിതിഗതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് രാവിലെ 10 മണിക്ക് കളക്ടറേറ്റിൽ ഉന്നതതല യോഗം ചേരുന്നുണ്ട്. ആരോഗ്യ വകുപ്പ് മൃഗസംരക്ഷണ വകുപ്പ്, റവന്യൂ വകുപ്പ്, പൊലീസ് എന്നിവയിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും. പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ കോഴികളെ കൊന്ന് കത്തിച്ചു കളയാൻ തീരുമാനമുണ്ട്. കൊടിയത്തൂരിൽ 6193 കോഴികളെയും കോഴിക്കോട് കോർപ്പറേഷനിൽ 3524 ചാത്തമംഗലം പഞ്ചായത്തിൽ 3214 കോഴികളെയും നശിപ്പിക്കും. പ്രതിരോധ പ്രവർത്തനങ്ങൾക്കായി മൃഗസംരക്ഷണ വകുപ്പ് അഞ്ച് അംഗങ്ങളുള്ള ഇരുപത്തിയഞ്ച് ടീമുകളെ സജമാക്കി.