റൊണാള്‍ഡീന്യോയേയും സഹോദരനേയും പരാഗ്വെയിലെ റിസോര്‍ട്ടില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.
ബ്രസീല്‍ ഫുട്ബോള്‍ താരം റൊണാള്‍ഡീന്യോ പരാഗ്വെയില്‍ അറസ്റ്റില്‍. വ്യാജ രേഖകള്‍ കാണിച്ച് രാജ്യത്തെത്തിയെന്ന് കാണിച്ചാണ് റൊണാള്‍ഡീന്യോയേയും സഹോദരനേയും അറസ്റ്റ് ചെയ്തിരിക്കുന്നത്. റൊണാള്‍ഡീന്യോയേയും സഹോദരനേയും പരാഗ്വെയിലെ റിസോര്‍ട്ടില്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.
അറസ്റ്റു ചെയ്തിട്ടുണ്ടെങ്കിലും ബ്രസീല്‍ സൂപ്പര്‍താരത്തെ കസ്റ്റഡിയിലെടുക്കാന്‍ പരാഗ്വെ അധികൃതര്‍ തയ്യാറായിട്ടില്ല. പാസ്പോര്‍ട്ട് വ്യാജമാണെന്നാണ് റൊണാള്‍ഡോക്കും സഹോദരനുമെതിരെ ഉയരുന്ന ആരോപണം. ഇരുവരുടേയും പാസ്പോര്‍ട്ടും മറ്റും തിരിച്ചറിയല്‍ രേഖകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജുഡീഷ്യല്‍ അന്വേഷണം അവസാനിച്ചതിന് ശേഷമായിരിക്കും എന്ത് നടപടിയെടുക്കുമെന്ന് വ്യക്തമാകൂ.
ബ്രസീലിലെ ഗ്വയ്ബ തടാകത്തില്‍ അനധികൃതമായി മീന്‍ പിടിച്ചെന്ന് പേരില്‍ 2015ല്‍ റൊണാള്‍ഡീന്യോക്കെതിരെ കേസെടുത്തിരുന്നു. ഈ പരിസ്ഥിതി നിയമലംഘനത്തിന്റെ പേരില്‍ റൊണാണ്‍ഡീന്യോക്കും സഹോദരനും 8.5 ദശലക്ഷം ഡോളറാണ് പിഴയിട്ടിരുന്നത്. ഈ തുക അടക്കാത്തതിനെ തുടര്‍ന്ന് ഇരുവരുടേയും ബ്രസീല്‍ പാസ്പോര്ട്ടുകള് സുപ്രീംകോടതി തടഞ്ഞുവെച്ചിരിക്കുകയാണ്.
പരാഗ്വേയിലെ കാസിനോ ഉടമയായ നെല്‍സണ്‍ ബെലോട്ടിയുടെ ക്ഷണം സ്വീകരിച്ചാണ് റൊണാള്‍ഡീന്യോയും സഹോദരനും പരാഗ്വേയിലേക്ക് പോയത്. വാര്‍ത്താസമ്മേളനവും ചാരിറ്റി ഇവന്റുകളും അടക്കം നിരവധി പരിപാടികളും റൊണാള്‍ഡീന്യോയുടെ വരവില്‍ നിശ്ചയിച്ചിരുന്നു.