India Kerala

വിജനമായ ആറ്റിന്‍ കരയില്‍ കുട്ടി തനിച്ചെങ്ങിനെയെത്തി? ദേവനന്ദയുടെ മരണത്തില്‍ ദുരൂഹത ഒഴിയുന്നില്ല

ദേവനന്ദയുടേത് മുങ്ങി മരണമാകാമെന്ന നിഗമനത്തിലാണ് പൊലീസ് എങ്കിലും ദുരൂഹത ഒഴിയുന്നില്ല. കുട്ടി തനിച്ച് വിജനമായ ആറ്റിന്‍ കരയിലെത്തിയത് എന്തിനെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനായിട്ടില്ല.

ദേവനന്ദയുടെ വസതിയില്‍ നിന്നും ഏതാണ് 250 മീറ്റര്‍ അകലെയാണ് മൃതശരീരം കണ്ടെത്തിയത്. ആള്‍പ്പാര്‍പ്പില്ലാത്ത മേഖലയില്‍ കുട്ടി എന്തിന് തനിച്ചെത്തി എന്നതാണ് പ്രധാന സംശയം. വീടിന് സമീപത്ത് ഏതാണ് 100 മീറ്റര്‍ അകലെയായി ആറുണ്ട്. എന്നാല്‍ മൃതശരീരം കണ്ടെത്തിയിരിക്കുന്നത് ഈ ആറിന് കുറുകെ നിര്‍മിച്ച ബണ്ടിനും അപ്പുറത്ത് നിന്നാണ്. സമീപത്ത് ഒരു ക്ഷേത്രം ഉണ്ടെങ്കിലും അവിടേക്ക് പോകുന്ന വഴി കുറ്റിക്കാടുകള്‍ നിറഞ്ഞതും വിജനവുമാണ്. ക്ഷേത്രത്തിലേക്ക് പോകവെ കാല്‍ വഴുതി ആറ്റില്‍ വീണതാകാമെന്ന കണക്ക് കൂട്ടിയാലും ദേവനന്ദ അത്തരത്തില്‍ ഒറ്റയ്ക്ക് പോകാന്‍ ധൈര്യം കാണിക്കുന്ന കുട്ടിയല്ലെന്ന് വാര്‍ഡ് മെമ്പര്‍ സാക്ഷ്യപ്പെടുത്തുന്നു

ദേവനന്ദയെ കാണാതായത് മുതല്‍ കുട്ടിയെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. സംസ്ഥാന പൊലീസും ദേവനന്ദയെ കണ്ടെത്താന്‍ വലിയ പരിശ്രമമാണ് നടത്തിയത്. ദേവനന്ദയുടെ മരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,മന്ത്രി ഇ.പി ജയരാജന്‍ അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെയും ഉറ്റവരുടെയും ദുഖത്തില്‍ പങ്ക് ചേരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശാസ്ത്രീയമായി തന്നെ അന്വേഷിക്കുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.

ദേവനന്ദക്ക് നടന്‍ മമ്മൂട്ടിയുള്‍പ്പടെയ ചലച്ചിത്ര രംഗത്തെ പ്രമുഖരും ആദരാഞ്ജലി അർപ്പിച്ചു. ഒരു നാടു മുഴുവൻ ഒന്നിച്ചു നടത്തിയ തിരച്ചിലും പ്രാർത്ഥനകളും വിഫലമായെന്ന് കുഞ്ചാക്കോ ബോബൻ ഫേസ്ബുക്കില്‍ കുറിച്ചു.