ഡല്‍ഹിയില്‍ കലാപം പടര്‍ന്നു പിടിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ 34 പേര് കൊല്ലപ്പെട്ടിരുന്നു. ഇരുന്നൂറിലേറെ പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ചികിത്സയിലുള്ളവരില്‍ 42പേര് വെടിയേറ്റവരാണ്. ഇത് മരണ സംഖ്യ ഇനിയും ഉയരുമെന്ന ആശങ്കക്കിടയാക്കുന്നുണ്ട്.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തകര്‍ത്ത വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ പല പ്രദേശങ്ങളും പട്ടിണിയിലാണ്. നാല് ദിവസത്തോളമായി വീടുകളില്‍ ഒളിച്ചിരിക്കേണ്ടി വന്ന പലരും പട്ടിണിയിലാണ്. അക്രമം കുറഞ്ഞെങ്കിലും ഇവരില്‍ ഭൂരിഭാഗത്തിനും പുറത്തുവരാന്‍ പോലും ധൈര്യം വന്നിട്ടില്ല. ഡല്‍ഹി കലാപത്തില്‍ ആശങ്ക രേഖപ്പെടുത്തി നിരവധി പേരാണ് രംഗത്തെത്തിയത്. കൂട്ടത്തില്‍ ഇന്ത്യയുടെ പ്രമുഖ ക്രിക്കറ്റ് താരങ്ങളും കലാപത്തില്‍ അപലപിച്ച് രംഗത്തെത്തി.
രോഹിത്ത് ശര്‍മ്മ, യുവരാജ് സിംങ്, വീരേന്ദ്ര സേവാഗ് എന്നിവരാണ് ഡല്ഹിയെചൊല്ലി ആശങ്ക രേഖപ്പെടുത്തിയത്.
ഡല്‍ഹിയില്‍ കാണുന്നത് നല്ല കാര്യങ്ങളല്ലെന്നും വൈകാതെ സമാധാനം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു ഹിറ്റ്മാന്റെ ട്വീറ്റ്.
എല്ലാത്തിന്റേയും അവസാനം നമ്മള് മനുഷ്യരാണെന്നും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയുമാണ് വേണ്ടതെന്നുമാണ് യുവി പറഞ്ഞത്. സമാധാനം ഉറപ്പുവരുത്താന്‍ അധികൃതര്‍ വേണ്ടത് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും യുവിയുടെ ട്വീറ്റിലുണ്ട്.
ഡല്‍ഹിയില്‍ നടന്നുകൊണ്ടിരിക്കുന്നത് അപലപനീയമാണ്. സമാധാനം ഉറപ്പുവരുത്താന്‍ എല്ലാവരും ശാന്തരായിരിക്കണം. ആരെയെങ്കിലും പരിക്കേല്‍പ്പിക്കുന്നതും അക്രമിക്കുന്നതുമെല്ലാം നമ്മുടെ രാജ്യതലസ്ഥാനത്തിന് മോശപ്പേരാണ്. എന്നായിരുന്നു ഡല്‍ഹിയില്‍ കളിച്ച് വളര്‍ന്ന സെവാഗിന്റെ ട്വീറ്റ്.