ചെന്നൈയില്‍ പൌരത്വ നിയമ ഭേദഗതിയ്ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി നടത്തിയ പ്രതിരോധ കൂട്ടായ്മയില്‍ ആയിരങ്ങള്‍ പങ്കെടുത്തു. റോയപേട്ട വൈഎംസിഎ മൈതാനിയിലായിരുന്നു പരിപാടി. പ്രതിപക്ഷ കക്ഷികള്‍ക്കൊപ്പം വിവിധ സംഘടനകളുടെയും കൂട്ടായ്മയിലായിരുന്നു പരിപാടി. സിപിഎമ്മും എസ്ഡിപിഐയും വേദി പങ്കിട്ടു.
പീപ്പിള്‍സ് സോളിഡാരിറ്റി ഫോറത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം, മുസ്ലിംലീഗ്, വിസികെ കക്ഷികള്‍ക്കൊപ്പം വിവിധ മുസ്ലിം സംഘടനകളും ഹൈന്ദവ. കൃസ്ത്യന്‍, പുരോഹിതന്മാരും പരിപാടിയുടെ ഭാഗമായി. ബിജെപിയ്ക്കെതിരെ അല്ല ഈ സമരമെന്നും രാജ്യത്തെ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കുക മാത്രമാണ് ലക്ഷ്യമെന്നും ഡിഎംകെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിന് പറഞ്ഞു.
മതവും ജാതിയും രണ്ടുവശവും മൂര്‍ച്ചയുള്ള ആയുധമാണ്. അത് ആര് ഉപയോഗിച്ചാലും അവര്‍ക്കു തന്നെ ആപത്തു വരുത്തും. കേന്ദ്രസര്‍ക്കാറിനുള്ള മുന്നറിയിപ്പാണിത്. ബിജെപി രാഷ്ട്രീയപാര്‍ട്ടിയാണ്. രാഷ്ട്രീയപരമായി അവര്‍ക്ക് എന്തും പറയാം. എന്നാല്‍ ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കാന്‍ ശ്രമിച്ചാല്‍ അത് അത് തടയേണ്ട ജനാധിപത്യ ബാധ്യത നമ്മള്‍ക്കുണ്ട്. നിങ്ങള്‍ കൊണ്ടുവരുന്ന തീരുമാനങ്ങള്‍കൊണ്ട് ഇന്ത്യയുടെ പട്ടിണി മാറില്ല ഡിഎംകെ അധ്യക്ഷന്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് മുഴുവന്‍ പ്രതിഷേധം തുടരുകയാണ്. മന്ത്രിസഭയില്‍ സിഎഎയ്ക്കെതിരെ പ്രമേയം പാസാക്കിയതു പോലും ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ബേദിയുടെ നിര്‍ദ്ദേശത്തെ തള്ളിക്കൊണ്ടായിരുന്നുവെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ പറഞ്ഞുകഴിഞ്ഞു, എന്‍ആര്‍സി നടപ്പാക്കില്ലെന്ന്. ബിജെപിയാണ് അവിടെ സഖ്യകക്ഷി. ഉപമുഖ്യമന്ത്രി ബിജെപിയാണ്. അവര്‍ക്ക് അത് അനുവദിയ്ക്കാന്‍ സാധിയ്ക്കില്ലെങ്കില്‍ പിന്തുണ പിന്വലിയ്ക്കണ്ടെ. അത് ചെയ്യാത്തത്, അധികാരം വേണമെന്ന ഒറ്റ നിര്‍ബന്ധത്തിലാണ്. അതിനു വേണ്ടി എന്തും ചെയ്യും. വര്‍ഗീയ ലഹളകള്‍ ഉണ്ടാക്കും. പ്രത്യേകിച്ചും മുസ്ലിം സമുദായക്കാരെ അക്രമിയ്ക്കും വി. നാരായണസ്വാമി പറഞ്ഞു.
കേരളത്തില്‍ എസ്ഡിപിഐയുമായി വേദി പങ്കിടില്ലെന്ന് സിപിഎം പ്രഖ്യാപിച്ചെങ്കിലും തമിഴ്നാട്ടില്‍ അതില്ല. ഇന്നലെ നടന്ന പരിപാടിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ജി. രാമകൃഷ്ണനും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് മുബാറക്കും സ്റ്റേജില്‍ ഉണ്ടായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ സമരപരിപാടികള്‍ കൂടി പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടാകും.