സംസ്ഥാന സർക്കാർ പ്രാദേശിക ഭരണകൂടങ്ങളുടെ അധികാരം കവർന്നെടുക്കുന്നു എന്ന് ആരോപിച്ച് ജനപ്രതിനിധികളുടെ പ്രതിഷേധം. മലപ്പുറം കളക്ട്രേറ്റിന് മുന്നിലാണ് ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫ് ജനപ്രതിനിധികൾ പ്രതിഷേധവുമായി സത്യാഗ്രഹം നടത്തിയത്. ട്രഷറി നിയന്ത്രണത്തിലൂടെ ത്രിതല പഞ്ചായത്തുകളെ സംസ്ഥാന സർക്കാർ പ്രതിസന്ധിയിലാക്കുന്നുവെന്നാണ് യു.ഡിഎഫ് ആരോപണം
അനുവദിച്ച ഫണ്ടുകൾ തിരിച്ചു പിടിക്കുക, ഓഡിറ്റിന്റെ പേരിൽ പീഡിപ്പിക്കുക, ക്ഷേമ പദ്ധതികൾ അവതാളത്തിലാക്കുക തുടങ്ങിയ ആരോപണങ്ങളാണ് യു.ഡി.എഫ് ഉയർത്തുന്നത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യാഗ്രഹ സമരത്തിന് അഭിവാദ്യമർപ്പിച്ച് ജില്ലയിലെ ഗ്രാമ- ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും മുനിസിപ്പൽ കൗൺസിലർമാരും സമരപ്പന്തലിലെത്തി.
ട്രഷറി നിയന്ത്രണത്തിലൂടെ പ്രാദേശിക ഭരണകൂടങ്ങളെ ദുർബലപ്പെടുത്തുന്ന നടപടിയാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്വാദിഖലി ശിഹാബ് തങ്ങൾ സത്യഗ്രഹം ഉൽഘാടനം ചെയ്തു. ട്രഷറി നിയന്ത്രണത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് യു.ഡി.എഫ് തീരുമാനം.