കഴിഞ്ഞ വര്‍ഷം ഇന്ത്യ ഒരു ടെസ്റ്റ് പോലും തോറ്റിട്ടില്ല. ഈ വര്‍ഷം തുടങ്ങിയതാവട്ടെ പത്തുവിക്കറ്റ് തോല്‍വിയോടെയും. കിവീസിനെതിരായ ഇന്ത്യയുടെ വന്‍വീഴ്ച്ചയുടെ പിന്നില്‍ കാലങ്ങളായുള്ള ഒരു പരാധീനതയുണ്ട്. എതിര്‍ടീമിന്റെ വാലറ്റത്തെ ബാറ്റ്‌സ്മാന്മാരെ വേഗത്തില്‍ പുറത്താക്കാന്‍ സാധിക്കാത്തതാണ് ഈ ഇന്ത്യന്‍ ദൗര്‍ബല്യം.
ടെസ്റ്റില്‍ ലോക ഒന്നാം റാങ്കാണെന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യവുമില്ല. അവസാന വിക്കറ്റുകള്‍ വീഴ്‌ത്തേണ്ട അവസരമെത്തിയാല്‍ ഇന്ത്യന്‍ ബൗളിംങ് കൂടുതല്‍ ദുര്‍ബലമാകും. ആദ്യ വിക്കറ്റുകള്‍ വീഴ്ത്താന്‍ വേണ്ടി എടുക്കുന്ന ശ്രമങ്ങള്‍ അവസാനത്തേക്ക് ഇന്ത്യന്‍ ബൗളര്‍മാരില്‍ നിന്നും ഉണ്ടാവുന്നില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. അവസാനക്കാരോട് കാണിക്കുന്ന ഈ ഉദാസീനത എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യക്ക് വലിയ വില തന്നെ കൊടുക്കേണ്ടി വരും.
ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റില്‍ ഒരുഘട്ടത്തില്‍ ന്യൂസിലന്റ് 7ന്225 എന്ന നിലയിലായിരുന്നു. ന്യൂസിലന്റ് ലീഡ് നൂറ് റണ്‍സിലൊതുങ്ങുമെന്ന് ആരും കരുതി. എന്നാല്‍, ഗ്രാന്റ് ഹോമിന്റേയും ജാമിസന്റേയും അപ്രതീക്ഷിത ഇന്നിംങ്‌സുകള്‍ ഇന്ത്യക്ക് തിരിച്ചടിയായി. 96 പന്തുകളില്‍ നിന്നും ഇവര്‍ 71 റണ്‍സാണ് അടിച്ചത്. പിന്നാലെയെത്തിയ ബൗള്‍ട്ട്(24 പന്തില്‍ 38) ഇന്ത്യന്‍ മുറിവുകളില്‍ ഉപ്പു തേച്ചാണ് മടങ്ങിയത്.
അങ്ങനെ നേടിയ 183 റണ്‍സിന്റെ മുന്‍തൂക്കമാണ് ഇന്ത്യയെ പത്തുവിക്കറ്റിന് തോല്‍പിച്ചത്. കാരണം പിന്നീടൊരിക്കലും ആക്രമിച്ച് കളിക്കാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് സാധിച്ചില്ല. പിന്നീട് കൂടുതല്‍ പ്രതിരോധിക്കും തോറും കൂടുതല്‍ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമാവുകയും ചെയ്തു. ഓരോ 32.5 പന്തിലും ന്യൂസിലന്റിന് വിക്കറ്റ് നഷ്ടമായി. ഇന്ത്യക്ക് 72.25 പന്തുകള്‍ക്ക് ശേഷമേ വിക്കറ്റ് വീണുള്ളൂ. പക്ഷേ റണ്‍ നിരക്കിലെ കുറവാണ് ഇന്ത്യയെ തോല്‍പിച്ചു കളഞ്ഞത്. നേരത്തെ ആക്രമിച്ച് കളിച്ച ഷമിക്ക് പോലും 20 പന്തില്‍ 21 റണ്‍സെടുക്കാനായിരുന്നുവെന്ന് ഓര്‍ക്കണം.
2018 മുതലുള്ള ടെസ്റ്റുകളില്‍ എട്ടാം നമ്പര്‍ മുതല്‍ 11ആമന്‍ വരെയുള്ള എതിര്‍ ടീം ബാറ്റ്‌സ്മാന്മാരെ പുറത്താക്കാന്‍ ഏറ്റവും ബുദ്ധിമുട്ടി ടീം ഇന്ത്യയാണ്. അവസാന നാല് വിക്കറ്റുകള്‍ വീഴ്ത്താന്‍ ശരാശരി 101 പന്തുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ എറിഞ്ഞത്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വാലറ്റക്കാര്‍ക്കെതിരെ വര്‍ധിത വീര്യത്തോടെ പന്തെറിഞ്ഞാല്‍ മാത്രമേ ഇന്ത്യക്ക് രക്ഷയുള്ളൂവെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.