India Kerala

സെക്രട്ടറിയേറ്റ് ജീവനക്കാരുടെ പിഎസ്‍സി കോച്ചിംഗ് സെന്ററുകള്‍: ആരോപണവിധേയരുടെ സ്വത്ത് വിവരങ്ങള്‍ പരിശോധിക്കും

സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർക്ക് പിഎസ്‌സി കോച്ചിംഗ് സെന്ററുകളുടെ നടത്തിപ്പിൽ ബന്ധമുണ്ടെന്ന പരാതിയിൽ അന്വേഷണം ശക്തമാക്കി വിജിലൻസ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ സ്വത്ത് വിവരങ്ങൾ പരിശോധിക്കുന്ന നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും. പി.എസ്.സി കോച്ചിംഗ് സെന്ററുകളിൽ പരിശീലനം നൽകാനെത്തുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിക്കുന്ന നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്.

തിരുവനന്തപുരത്തെ ലക്ഷ്യ, വീറ്റ എന്നീ രണ്ടു കോച്ചിങ് സെന്ററുകളുടെ നടത്തിപ്പിൽ പൊതുഭരണവകുപ്പിലെ ഷിബു.കെ.നായർ, രഞ്ജൻ നായർ എന്നിവർക്ക് പങ്കുണ്ടെന്നായിരുന്നു ഉദ്യോഗാർഥികൾ നൽകിയ പരാതി. ഈ രണ്ട് സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ ചില നിർണ്ണായക രേഖകൾ വിജിലൻസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ സ്വത്ത് വിവരങ്ങൾ പരിശോധിക്കാൻ വിജിലൻസ് തീരുമാനിച്ചത്. ഇവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം വിജിലൻസ് സംഘം പരിശോധിക്കും. കോച്ചിംഗ് സെന്ററിൽ നിന്ന് മാറ്റിയെന്ന് സംശയിക്കുന്ന അധ്യാപക ശമ്പള രജിസ്റ്ററടക്കം കണ്ടെത്തി പരിശോധിക്കാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ കോച്ചിങ് സെന്ററുകളിൽ പരിശീലകരായി എത്തുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ മുഴുവൻ വിവരങ്ങളും വിജിലൻസ് ശേഖരിക്കും. ചട്ടലംഘനമുണ്ടെന്ന് തെളിഞ്ഞാൽ നടപടിക്ക് ശുപാർശ ചെയ്ത് വകുപ്പ് മേധാവികൾക്ക് വിവരം കൈമാറും. പരാതി നൽകിയ ഉദ്യോഗാർഥികളുടെ മൊഴിയും വിജിലൻസ് സംഘം രേഖപ്പെടുത്തും. തിരുവനന്തപുരം പ്രത്യേക യൂണിറ്റിലെ ഡി.വൈ.എസ്.പി പ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.