Football Sports

‘അവന്‍ മത്സരത്തിനിടയില്‍ പോലും വിശ്രമിക്കാറുണ്ട്’

ബാഴ്‌സലോണക്കെതിരായ മത്സരത്തിന് മുമ്പാണ് എയ്ബര്‍ പരിശീലകന്റെ മെസിയെക്കുറിച്ചുള്ള പരാമര്‍ശം…

ബാഴ്‌സലോണയുടെ സൂപ്പര്‍താരം ലയണല്‍ മെസിക്ക് പ്രത്യേകിച്ച് വിശ്രമത്തിന്റെ ആവശ്യമില്ലെന്നും മത്സരത്തിനിടയില്‍ പോലും എങ്ങനെ വിശ്രമിക്കണമെന്ന് മെസിക്ക് അറിയാമെന്നും എയ്ബര്‍ പരിശീലകന്‍ യോസെ മെന്‍ഡിലിബാര്‍. ചാമ്പ്യന്‍സ് ലീഗിലെ സുപ്രധാന മത്സരത്തിന് മുമ്പ് മെസിക്ക് എയ്ബറിനെതിരെ വിശ്രമം അനുവദിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിനായിരുന്നു മെന്‍ഡിലിബാര്‍ ഇങ്ങനെ പ്രതികരിച്ചത്.

ചൊവ്വാഴ്ച്ച ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ നാപ്പോളിയെ നേരിടുകയാണ്. ശനിയാഴ്ച്ച ലാലിഗയില്‍ എയ്ബറുമായും മത്സരമുണ്ട്. പ്രത്യേകിച്ച് വിശ്രമത്തിന്റെ ആവശ്യം പോലും മെസിക്കില്ലെന്നായിരുന്നു മെന്‍ഡിലിബാറിന്റെ നിരീക്ഷണം. ഓരോ മത്സരത്തിലും എപ്പോള്‍ വേഗത കൂട്ടണമെന്നും കുറക്കണമെന്നും മെസിക്കറിയാം. മത്സരത്തിനിടെ പോലും അദ്ദേഹം ആവശ്യത്തിന് വിശ്രമിക്കാനുള്ള കഴിവുണ്ടെന്നായിരുന്നു ബാഴ്‌സലോണക്കെതിരായ മത്സരത്തിന് മുമ്പ് മാധ്യമങ്ങളെ കണ്ടപ്പോള്‍ മെന്‍ഡിലിബാര്‍ പറഞ്ഞത്.

ഇനി ഒരു മത്സരത്തില്‍ വിശ്രമം അനുവദിച്ചാലായിരിക്കും മെസിക്ക് കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വരിക. ബെഞ്ചിലിരുന്ന് കളി കണ്ട് മെസി കൂടുതല്‍ ക്ഷീണിക്കാനാണ് സാധ്യതയെന്നും പാതി കളിയായി മെന്‍ഡിലിബാര്‍ പറയുന്നു. കോപ ഡെല്‍റേയിലെ മുന്‍ അനുഭവമാണ് എയ്ബര്‍ പരിശീലകനെക്കൊണ്ട് ഇങ്ങനെ പറയിച്ചത്. നൗകാമ്പില്‍ നടന്ന കോപ ഡെല്‍റേ പോരാട്ടത്തില്‍ എയ്ബറിനെതിരായ ബാഴ്‌സലോണയുടെ ഫസ്റ്റ് ഇലവനില്‍ മെസിയുണ്ടായിരുന്നില്ല.

മെസിയുടെ വയറിന് എന്തോ പ്രശ്‌നമുണ്ടെന്നും പനിയാണെന്നുമാണ് അറിയാനായത്. കളി തുടങ്ങുമ്പോള്‍ മെസി ബെഞ്ചിലുണ്ടായിരുന്നു. ബാഴ്‌സലോണ 2-0ത്തിന് മുന്നിട്ട് നില്‍ക്കവേ പെട്ടെന്ന് മെസി വാം അപ്പ് ചെയ്യുന്നതും ഇറങ്ങുന്നതും കണ്ടു. വൈകാതെ രണ്ട് ഗോളടിച്ച് ബാഴ്‌സയുടെ വിജയം 4-0ത്തിനാക്കിയ ശേഷമാണ് മെസി കളം വിട്ടത്.

നിലവില്‍ ലാ ലിഗയില്‍ പതിനാറാം സ്ഥാനത്താണ് എയ്ബര്‍. എങ്കിലും ബാഴ്‌സലോണയെ തങ്ങളുടേതായ രീതിയില്‍ പരീക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയും മെന്‍ഡിലിബാര്‍ പ്രകടിപ്പിച്ചു. ലാ ലിഗയില്‍ റയല്‍ മാഡ്രിഡിനേക്കാള്‍ ഒരു പോയിന്റ് പിന്നിലുള്ള ബാഴ്‌സലോണ വിജയം ലക്ഷ്യമിട്ടാകും ഇറങ്ങുക.