Entertainment

മോഹന്‍ലാലിന്റെ അപേക്ഷ; ആനക്കൊമ്പ് കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നു

നടന്‍ മോഹൻലാല്‍ പ്രതിയായ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തയാറെന്ന് സർക്കാർ. നടന്‍ മോഹൻലാലിന്റെ അപേക്ഷയെ തുടർന്നാണ് സര്‍ക്കാര്‍ ആനക്കൊമ്പ് കേസ് പിൻവലിക്കാൻ തീരുമാനിച്ചത്. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലെ കേസാണ് സര്‍ക്കാര്‍ പിൻവലിക്കുന്നത്. അതെ സമയം കേസില്‍ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനോട് സര്‍ക്കാര്‍ നിയമോപദേശം തേടി.

മോഹൻലാല്‍ ഒന്നാം പ്രതിയായ ആനകൊമ്പ് കേസ് പിന്‍വലിക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ളത്. വന്യ ജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മോഹൻലാല്‍ 2016 ജനുവരിയിലും 2019 സെപ്റ്റംബറിലും സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. 2019 ഡിസംബര്‍ നാലിന് ഡിജിപിയോട് ഇത് സംബന്ധിച്ച നിയമോപദേശവും സര്‍ക്കാര്‍ തേടി. കേസ് പിന്‍വലിക്കാമെന്ന് നിയമോപദേശമാണ് ഡിജിപി നല്‍കിയത്. ഈ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലെ കേസ് പിൻവലിക്കുന്നതിന് സര്‍ക്കാരിന് എതിര്‍പ്പില്ലെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ക്ക് ഈ മാസം ഏഴിന് അഡീഷണല്‍ ചീഫ് സെക്രട്ടറി കത്തയച്ചത്. പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ മേല്‍നോട്ട ചുമതല ജില്ലാ കലക്ടര്‍ക്കാണ്. പ്രോസിക്യൂട്ടര്‍ വഴി കോടതിയില്‍ അപേക്ഷ നല്‍കി കേസ് പിന്‍വലിക്കാനാണ് നീക്കം നടക്കുന്നത്. 2012 ജൂണിൽ ആദായനികുതി വിഭാഗം മോഹൻലാലിന്‍റെ തേവരയിലുള്ള വീട്ടിൽ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പു കള്‍ കണ്ടെത്തിയത്. ആനക്കൊമ്പ് കൈവശം വെച്ച പ്രവര്‍ത്തി കുറ്റകരവും ശിക്ഷാര്‍ഹവുമാണെന്ന് വനംവകുപ്പ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിനെ പ്രതി ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.