ശബരിമലയിൽ യുവതീപ്രവേശനം അനുവദിക്കണമെന്ന നിലപാടിൽ ഉറച്ച് സി.പി.എം. പാർട്ടി കേന്ദ്രകമ്മിറ്റി അംഗീകരിച്ച രാഷ്ട്രീയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. യുവതീപ്രവേശനവിധി വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധിയോട് വിയോജിക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.
റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന കേന്ദ്രകമ്മറ്റി യോഗത്തിന് ശേഷമുള്ള റിപ്പോര്‍ട്ടാണിത്. യുവതീപ്രവേശനവിധി പുനപരിശോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിക്കളയണമായിരുന്നുവെന്ന നിലപാടാണ് റിപ്പോര്‍ട്ടിലുള്ളത്. എല്ലാ മേഖലയിലും സ്ത്രീപുരുഷ സമത്വം വേണം. സുപ്രീംകോടതിയില്‍ നിന്ന് വ്യക്തവും അന്തിമവുമായി തീരുമാനം എത്രയും പെട്ടെന്ന് ഉണ്ടാവണമെന്ന അഭിപ്രായവും സി.പി.എം പങ്കുവെക്കുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം യുവതീപ്രവേശനത്തെ അനുകൂലിച്ചുള്ള പരസ്യ പ്രതികരണങ്ങള്‍ മന്ത്രിമാര്‍ നടത്തിയിട്ടില്ല. വിശാലബെഞ്ചിന് വിട്ട തീരുമാനം മന്ത്രിമാര്‍ സ്വാഗതം ചെയ്യുകയുമുണ്ടായി. എന്നാല്‍ സി.പി.എം യുവതീപ്രവേശനം അനുവദിക്കണമെന്ന നിലപാടിലാണ് ഇപ്പോഴും എന്നാണ് ഈ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നത്. ഇത് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കിയേക്കും.