Sports

മികച്ച താരത്തിനുള്ള ലൊറേയ്സ് പുരസ്കാരം മെസ്സിക്കും ഹാമില്‍ട്ടണും; സ്പോര്‍ട്ടിങ് മൊമെന്റിനുള്ള പുരസ്കാരം സച്ചിന്

കായിക രംഗത്തെ ഓസ്കാര്‍ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. 2019 ലെ മികച്ച കായിക താരത്തിനുള്ള പുരസ്കാരം അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ലയണല്‍ മെസിയും ബ്രിട്ടീഷ് കാറോട്ടക്കാരന്‍ ലൂയി ഹാമില്‍ട്ടണും പങ്കിട്ടു. മികച്ച സ്പോര്‍ട്ടിങ് മൊമെന്റിനുള്ള പുരസ്കാരം ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും നേടി. ലോറിയസ് പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ കായിക താരവുമാണ് സച്ചിന്‍.

ബാഴ്സലോണ ഫുട്ബോള്‍ ക്ലബ്ബിനായി നടത്തിയ പ്രകടനങ്ങളും ബാലന്‍ ഡി ഓര്‍ അവാര്‍ഡ് നേട്ടങ്ങളും കണക്കിലെടുത്താണ് ലയണല്‍ മെസിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ആറ് തവണ ഫോര്‍മുല വണ്‍ ജേതാവായതാണ് ലൂയി ഹാമില്‍ട്ടണെ അവാര്‍ഡിന് അര്‍ഹനാക്കിയത്. അമേരിക്കന്‍ ജിംനാസ്റ്റിക്സ് താരം സിമോണ്‍ ബൈല്‍സാണ് മികച്ച വനിതാ താരം.

2011 ലെ ക്രിക്കറ്റ് ലോകകപ്പ് ജയത്തിന് ശേഷം സച്ചിന്‍ ടെണ്ടുല്‍ക്കറെ സഹതാരങ്ങള്‍ ചുമലിലേറ്റി സ്റ്റേ‍ഡിയം വലംവെച്ചതാണ് കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച കായിക മുഹൂര്‍ത്തം. വോട്ടിങില്‍ ഒന്നാമതെത്തിയാണ് സച്ചിന്‍ ലോറിയസ് നേടുന്ന ആദ്യ ഇന്ത്യന്‍ കായിക താരമായത്. മുന്‍ ജര്‍മന്‍ ബാസ്കറ്റ് ബോള്‍ താരം ഡിര്‍ക് നൌസിക്കിക്കാണ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്. ദക്ഷിണാഫ്രിക്കന്‍ റഗ്ബി ടീമിനെ ടീം ഓഫ് ദ ഇയര്‍ ആയും തെരഞ്ഞെടുത്തു.