ഐ.എസ്.എല്ലില്‍ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് അവസാന ഹോം മത്സരത്തിനിറങ്ങും. കൊച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ബംഗളൂരു എഫ്.സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.
പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്തായിക്കഴിഞ്ഞു. ഇനി ശേഷിക്കുന്നത് രണ്ട് മത്സരങ്ങള്‍ മാത്രം. ബംഗളൂരു, ഒഡീഷ ടീമുകളാണ് എതിരാളികള്‍. ഇന്ന് കൊച്ചിയില്‍ ബംഗളൂരുവിനെതിരെ നടക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ അവസാന ഹോം മത്സരം കൂടിയാണ്.
കരുത്തരായ ബംഗളൂരുവിനെ പരാജയപ്പെടുത്തി ആരാധകരെ സന്തോഷിപ്പിക്കുകയാണ് ഓഗ്ബച്ചെയുടേയും സംഘത്തിന്റേയും ലക്ഷ്യം. ഒപ്പം എവേ മത്സരത്തിലേറ്റ തോല്‍വിക്ക് പകരം വീട്ടലും. എന്നാല്‍ സീണണില്‍ തുടക്കം മുതലേ സ്ഥിരതായര്‍ന്ന കളി പുറത്തെടുക്കുന്ന ബംഗളൂരുവിനെ തളക്കുക എന്നുള്ളത് ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാവില്ല.
രാത്രി 7.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കൊച്ചിയില്‍ നടന്ന കളികളിലെല്ലാം ആളൊഴിഞ്ഞ ഗ്യാലറികളാണ് കാണാന്‍ സാധിച്ചത്. എന്നാല്‍ സീസണിലെ അവസാന ഹോം മത്സരമായതുകൊണ്ട് ആരാധകര്‍ ഒഴുകിയെത്തുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ. ഓണ്‍ലൈന്‍ മുഖേനയും. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്ന സ്റ്റേഡിയം ബോക്‌സ് ഓഫീസില്‍ നിന്നും ടിക്കറ്റുകള്‍ ലഭ്യമാകും.