India Kerala

മത്സ്യം കിട്ടാനില്ല; മത്സ്യതൊഴിലാളികള്‍ പ്രതിസന്ധിയില്‍

സംസ്ഥാനത്തെ മത്സ്യ ബന്ധന മേഖല വന്‍ പ്രതിസന്ധിയില്‍. മീന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് കടലില്‍ പോകാന്‍ മടിക്കുകയാണ് മത്സ്യതൊഴിലാളികള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് മത്സ്യതൊഴിലാളികള്‍ നീങ്ങുന്നത്. ലഭ്യതകുറഞ്ഞതോടെ മത്സ്യവിലയും കുതിച്ചുയര്‍ന്നു.

മത്സ്യബന്ധന തുറമുഖങ്ങളില്ലെല്ലാം ആളും ആരവവും ഒഴിഞ്ഞിരിക്കുന്നു. കടലില്‍ പോയവരൊക്കെ മടങ്ങുന്നത് വെറും കൈയോടെയാണ്. ഡീസലിനുള്ള പണം പോലും ലഭിക്കാത്തതിനാല്‍ കടലില്‍ പോകാന്‍ മടിക്കുകയാണ് പലരും.

പരമ്പരാഗത മത്സ്യതൊഴിലാളികളെയാണ് പ്രതിസന്ധി കൂടുതല്‍ ബാധിച്ചിരിക്കുന്നത്. വീട് പണയം വെച്ച് വള്ളം വാങ്ങിയവര്‍ പോലുമുണ്ട് ഇവര്‍ക്കിടയില്‍.

കേരള തീരത്ത് ചൂട് കൂടിയതാണ് മത്സ്യലഭ്യത കുറയാന്‍ പ്രധാന കാരണം. മത്സ്യം ലഭിക്കാതായതോടെ വിലയും കുതിക്കുകയാണ്. മത്തിയുടേയും അയലയുടേയും വില ഇരുനൂറ് കടന്നു.