പുജാരയും വിഹാരിയും ഒഴികെയുള്ള ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് എല്ലാം പരാജയപ്പെട്ട ത്രിദിന പരിശീലന മത്സരത്തില്‍ ആദ്യദിനം ഇന്ത്യ 9ന് 263 എന്ന നിലയില്‍ അവസാനിപ്പിച്ചു. എട്ട് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരും ബാറ്റിംങില്‍ ഇരട്ടയക്കം കാണാതെ അവസാനിപ്പിച്ച മത്സരത്തില്‍ ഹനുമ വിഹാരിയുടെ(101*) അപരാജിത സെഞ്ചുറിയും പുജാരയുടെ(93) സെഞ്ചുറിക്കൊത്ത പ്രകടനവുമാണ് ഇന്ത്യയെ രക്ഷിച്ചത്.
പുജാരയും വിഹാരിയും ഒത്തുചേരുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 38/4 എന്ന നിലയിലായിരുന്നു. ഇരുവരും ചേര്‍ന്ന് 195 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത് ഇന്ത്യന്‍ സ്കോര്‍ 233ലെത്തിച്ചു. പുജാര പുറത്തായതിന് പിന്നാലെയും വിക്കറ്റ് വീഴ്ച്ച തുടര്‍ന്നതോടെ ഇന്ത്യ 263ന് ഒമ്പത് എന്ന നിലയില്‍ ആദ്യ ദിനം അവസാനിപ്പിക്കുകയായിരുന്നു.
പുജാരയും ഹനുമ വിഹാരിയും ഒഴികെ അജിങ്ക്യ രഹാനെ(18) മാത്രമാണ് ഇരട്ടയക്കം കണ്ട ഇന്ത്യന്‍ ബാറ്റ്സ്മാന്. നാല് ഇന്ത്യന്‍ താരങ്ങള്‍ പൂജ്യത്തിന് പുറത്തായി. ഇതില്‍ ഭാവി പ്രതീക്ഷകളായിരുന്ന പൃഥ്വി ഷായും ശുഭ്മാന്‍ ഗില്ലുമുണ്ടായിരുന്നു. പൃഥ്വി ഷാ(0), മായങ്ക് അഗര്‍വാള്‍(1), ശുഭ്മാന്‍ഗില്‍(0), പന്ത്(7), സാഹ(0), അശ്വിന്(0) ഉമേഷ് യാദവ്(9*) ജഡേജ(8) എന്നിങ്ങനെയായിരുന്നു ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് നേടിയ സ്കോറുകള്‍.
കിവീസ് ബൗളര്‍മാരുടെ വക 26 റണ്‍സ് എക്സ്ട്രാസാണ് ഇന്ത്യന്‍ സ്കോറിലെ മൂന്നാമത്തെ പ്രധാന സംഭാവന. കുഗെലിനും സോഥിയും മൂന്നു വിക്കറ്റ് വീതവും ഗിബ്സണ് രണ്ട് വിക്കറ്റും വീഴ്ത്തി.