Entertainment

വ്യാജന്മാര്‍ വാഴുന്നു; മലയാള സിനിമയുടെ കേരളത്തിന് പുറത്തുള്ള റിലീസുകള്‍ക്ക് ഇനി ഒരാഴ്ച്ച കാത്തിരിക്കണം

വ്യാജന്മാരെ തടയുന്നതിന്റെ ഭാഗമായി മലയാള സിനിമകളുടെ കേരളത്തിന് പുറത്തുള്ള റിലീസുകള്‍ വൈകിപ്പിക്കാന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം. വ്യാജ പ്രിന്റുകള്‍ സുലഭമായതോടെ ജനങ്ങള്‍ സിനിമ കാണാന്‍ തിയേറ്ററുകളിലെത്തുന്നില്ലെന്നും ഇത് സിനിമാ വ്യവസായത്തെ സാരമായി ബാധിച്ചതായും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട് എം. രഞ്ജിത്ത് ദി ന്യൂസ് മിനുറ്റി-നോട് പറഞ്ഞു.

കേരളത്തിന് പുറത്ത് സിനിമ കാണുന്നവര്‍ തിയേറ്ററില്‍ വന്ന് സിനിമ ചിത്രീകരിക്കുകയാണെന്നും ഇവിടുങ്ങളിലാണ് വ്യാജന്മാര്‍ പിടിമുറുക്കിയിരിക്കുന്നതെന്നും നിര്‍മാതാവ് എം. രഞ്ജിത്ത് പറഞ്ഞു. നിര്‍മാതാക്കള്‍ക്ക് പുറമെ വിതരണക്കാര്‍ക്കും തിയേറ്ററുടമകള്‍ക്കും വ്യാജ പ്രിന്റുകള്‍ പുറത്തിറങ്ങുന്നതിലൂടെ തിയേറ്ററുകളില്‍ ജനങ്ങളെ നഷ്ടപ്പെടുന്നതായും ഇത് സംബന്ധിച്ചുള്ള കൂടിയാലോചനകള്‍ക്ക് ഇത് വരെ മുതിര്‍ന്നിട്ടില്ലെന്നും എം രഞ്ജിത്ത് വ്യക്തമാക്കി. ഈ മാസാവസാനം ഒരു പക്ഷെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നേക്കുമെന്നും പുതിയ നീക്കത്തിലൂടെ സിനിമ റിലീസ് ചെയ്തുള്ള ആദ്യ ആഴ്ച്ചയിലെ വ്യാജന്മാരെ തടയാമെന്നും അത് സിനിമയുടെ കളക്ഷനില്‍ പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷയെന്നും രഞ്ജിത് പറഞ്ഞു.

മലയാള സിനിമകള്‍ക്ക് നിയന്ത്രിത റിലീസ് വെക്കുന്നതിലൂടെ വളരെ കുറച്ച് വ്യാജന്മാര്‍ മാത്രമേ പുറത്തുവരുവെന്ന് കേരള ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡണ്ട് ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു.

കേരളത്തിന് പുറത്ത് പ്രത്യേകിച്ച് ഡല്‍ഹി, മുബൈ, അല്ലെങ്കില്‍ ദുബൈ എന്നിവിടങ്ങളിലാണ് റിലീസെങ്കില്‍ കേരളത്തിലെ വിതരണക്കാര്‍ക്ക് യാതൊരു അധികാരവുമില്ലെന്ന് ലിബര്‍ട്ടി ബഷീര്‍ പറയുന്നു. കേരളത്തിലെ തിയേറ്ററുകളില്‍ ഉടമകള്‍ തന്നെ വ്യാജന്മാരെക്കുറിച്ച് ജാഗരൂകരാണെന്നും അവര്‍ക്കിടയില്‍ തന്നെ വ്യാജന്മാരെ സഹായിക്കുന്നത് കണ്ടെത്തിയാല്‍ വിലക്കേര്‍പ്പെടുത്തുന്നത് നിലവിലുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. കേരളത്തിന് പുറത്താണെങ്കില്‍ 10 തൊട്ട് 15 വരെ പേരാണ് സിനിമ ചിത്രീകരിക്കാന്‍ തിയേറ്ററുകളിലെത്തുകയെന്നും ഇതൊന്നും തടയാന്‍ കേരളത്തിലെ വിതരണക്കാരന് കഴിയില്ലെന്നും ബഷീര്‍ പറയുന്നു.

ഇപ്പോഴത്തെ സാഹചര്യത്തില്‍ സിനിമാ മോഷണം കണ്ടെത്തുക എന്നത് എളുപ്പമാണെന്നും പക്ഷെ കേരളത്തിന് പുറത്താണ് സംഭവിക്കുന്നതെങ്കില്‍ യാതൊന്നും തന്നെ ചെയ്യാന്‍ സാധിക്കില്ലായെന്നും ലിബര്‍ട്ടി ബഷീര്‍ കൂട്ടിചേര്‍ത്തു. ഇക്കാരണങ്ങളാല്‍ ഇനി മുതല്‍ മലയാള സിനിമകള്‍ കേരളത്തിന് പുറത്ത് ഒരാഴ്ച്ച കഴിഞ്ഞ് റിലീസ് ചെയ്യാനാണ് പദ്ധതിയെന്നും അറിയിച്ചു.