അസമിലെ എന്‍.ആര്‍.സി വിവരങ്ങള്‍ വെബ്സൈറ്റില്‍ നിന്നും അപ്രത്യക്ഷമായി. സാങ്കേതിക പ്രശ്നമാണെന്നും ഉടന്‍ പരിഹരിക്കുമെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. ഐ.ടി കമ്പനിയായ വിപ്രോയുമായി കരാര്‍ പുതുക്കാത്തതാണ് പട്ടിക അപ്രത്യക്ഷമാകാന്‍ കാരണമെന്നാണ് എന്‍.ആര്‍.സി അധികൃതര്‍ വാദം.
2019 ആഗസ്റ്റ് 31നാണ് സുപ്രീം കോടതി നിര്‍ദേശപ്രകാരം അന്തിമ അസം എന്‍.ആര്‍.സി പട്ടിക പുറത്തിറക്കിയത്. എന്‍.ആര്‍.സിയുടെ വെബ്സൈറ്റായ www.nrcassam.nic.in ലായിരുന്നു പട്ടിക പ്രസിദ്ധീകരിച്ചിരുന്നത്. എന്നാല്‍ പട്ടിക ഡിസംബര്‍ 15 മുതല്‍ അപ്രത്യക്ഷമായി. ഇത് സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി ആഭ്യന്തമന്ത്രാലയം രംഗത്തെത്തിയത്.
വിവരങ്ങള്‍ സുരക്ഷിതമാണ്. സാങ്കേതിക പ്രശ്നമാണ് പട്ടിക അപ്രത്യക്ഷമാകാന്‍ കാരണം. ഉടന്‍ പ്രശ്നം പരിഹരിക്കുമെന്നും ആഭ്യന്തര മന്ത്രാലം വിശദീകരിച്ചു. എന്നാല്‍ ഐ.ടി കമ്പനിയായ വിപ്രോയുമായുള്ള കരാര്‍ പുതുക്കാത്തതാണ് വിവരങ്ങള്‍ അപ്രത്യക്ഷമാകാന്‍ കാരണമെന്ന് എന്‍.ആര്‍.സി അധികൃതര്‍ പറയുന്നു.
വിവരങ്ങള്‍ സൂക്ഷിച്ചിരുന്ന കൌഡ് സര്‍വീസിന്റെ കരാര്‍ കാലാവധി 2019 ഒക്ടോബര്‍ 19ന് അവസാനിച്ചിരുന്നു. കരാര്‍ പുതുക്കാനുള്ള കത്ത് നല്‍കിയിട്ടുണ്ടെന്നും മൂന്ന് ദിവസത്തിനകം എല്ലാം ശരിയാകുമെന്നും എന്‍.ആര്‍.സി സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ ഹിതേഷ് ദേവ് ശര്‍മ്മ അറിയിച്ചു.