ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് ഫലം നാളെ അറിയാം. രാവിലെ ഒൻപത് മണിയോടെ ആദ്യ ഫലസൂചനകൾ വന്നു തുടങ്ങും. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും ആം ആദ്മി പാർട്ടി അധികാരത്തിൽ എത്തുമെന്നാണ് പ്രവചിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അടക്കമുള്ള ബിജെപി നേതാക്കൾ 45 സീറ്റുകളിൽ അധികം നേടുമെന്ന് വോട്ടെടുപ്പിന് ശേഷവും ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാവിലെ എട്ട് മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. ശക്തമായ സുരക്ഷയാണ് സ്ട്രോങ്ങ് റൂമുകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. എക്സിറ്റ് പോളുകളുടെ കണക്ക് അനുസരിച്ച് ആം ആദ്മി പാർട്ടിക്ക് സർക്കാരുണ്ടാക്കാൻ കഴിയും. അങ്ങനെ എങ്കിൽ രണ്ടാം തവണയും കേജ്രിവാൾ സർക്കാർ ഡൽഹിയിൽ അധികാരത്തിൽ വരും.
സർക്കാർ രൂപീകരണ ചർച്ചകൾ പാർട്ടി സജീവമാക്കിയിട്ടുണ്ട്. അതേസമയം ബിജെപി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടത്തുന്നതായ സംശയം എഎപി നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. 2015ൽ 67 സീറ്റുകൾ നേടിയാണ് എഎപി അധികാരത്തിൽ വന്നത്. വർഗീയ വിഷയങ്ങളാണ് ബിജെപി പ്രചരണ വിഷയത്തിൽ ഉയർത്തിയതെങ്കിൽ വികസന വിഷയങ്ങളായിരുന്നു ആപ്പിന്റെ പ്രചാരണയുധം. കോൺഗ്രസിനാകട്ടെ മറ്റ് രണ്ട് പാർട്ടികളുടെ ഒപ്പം എത്താൻ കഴിഞ്ഞില്ലെന്നതാണ് വസ്തുത.